ഓപ്പറേഷന്‍ തീയേറ്ററിലെ ഓണസദ്യ: അന്വേഷിക്കുമെന്ന് ശിവകുമാര്

Webdunia
ശനി, 22 ഓഗസ്റ്റ് 2015 (18:24 IST)
മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെ ഓപ്പറേഷന്‍ തീയറ്ററില്‍ ഓണസദ്യ വിളമ്പിയ സംഭവത്തെക്കുറിച്ച്‌ അന്വേഷണം നടത്തുമെന്ന്‌ ആരോഗ്യമന്ത്രി വിഎസ്‌ ശിവകുമാര്‍. ആശുപത്രി കാന്റീനിലാണ്‌ സദ്യ വിളമ്പിയത്‌ എന്നാണ്‌ താനറിഞ്ഞതെന്നും മന്ത്രി പറഞ്ഞു.

ഓപ്പറേഷന്‍ തീയേറ്ററില്‍ ഓണസദ്യ വിളമ്പിയ വിഷയത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ വിവാദത്തില്‍ പെട്ടിരുന്നു. ഹൃദോഗവിഭാഗത്തിലെ ഓപ്പറേഷന്‍ തിയറ്ററിലാണ്‌ ഓണാഘോഷം നടന്നത്‌. അണുവിമുക്‌തമായി സൂക്ഷിക്കേണ്ട ഓപ്പറേഷന്‍ തിയേറ്ററില്‍ പൂക്കളവുമിട്ട്‌ ഓണസദ്യ വിളമ്പിയതായാണ് ആരോപണം.

അതേസമയം സംഭവത്തില്‍ വിശദീകരണവുമായി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ രംഗത്തെത്തി. ഓപ്പറേഷന്‍ തീയേറ്ററിനുള്ളില്‍ സദ്യ വിളമ്പാനും മാത്രം മണ്ടന്മാരല്ല ഡോക്ടര്‍മാരെന്നാണ് അദ്ദേഹം പറഞ്ഞത്. അനാസ്‌ഥ കാട്ടി എന്ന വാര്‍ത്തകള്‍ മെഡിക്കല്‍ കോളജ്‌ അധികൃതര്‍ നിഷേധിച്ചിട്ടുണ്ട്.