വെള്ളാപ്പള്ളി- ആര്‍എസ്എസ് ബന്ധത്തില്‍ ഉമ്മന്‍ചാണ്ടിക്ക് പങ്ക്: പിണറായി

Webdunia
വെള്ളി, 9 ഒക്‌ടോബര്‍ 2015 (12:24 IST)
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആര്‍എസ്എസ് ബന്ധത്തില്‍ മുഖ്യമന്ത്രി
ഉമ്മന്‍ചാണ്ടിക്ക് പങ്കുണ്ടെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. വെള്ളാപ്പള്ളി- ആര്‍എസ്എസ് ബന്ധത്തില്‍ മുഖ്യമന്ത്രിക്ക് പിന്തുണയുണ്ട്. ഭരണത്തുടർച്ച ലക്ഷ്യമാക്കിയാണ് ഉമ്മൻചാണ്ടി ഈ നീക്കത്തിന് കൂട്ട് നില്‍ക്കുന്നതെന്നും പിണറായി പറഞ്ഞു.

വെള്ളാപ്പള്ളി- ആര്‍എസ്എസിനെ പിന്തുണയ്‌ക്കുന്നത് വഴി സിപിഎമ്മിനെ തകര്‍ക്കാര്‍ കഴിയുമെന്നും അതുവഴി ഭരണത്തുടർച്ച ലഭിക്കുമെന്നുമാണ് ഉമ്മന്‍ ചാണ്ടി പ്രതീക്ഷിക്കുന്നത്. കെ പി സി സി പ്രസിഡന്റ് വിഎം സുധീരനെ വെള്ളാപ്പള്ളി നടേശന്‍ അധിക്ഷേപിച്ചിട്ടും ഉമ്മന്‍ ചാണ്ടി പ്രതികരിക്കാതിരുന്നത് ഇതിനു തെളിവാണ്. എന്നാല്‍, കേരളത്തിലെ വോട്ടർമാര്‍ ഈ നീക്കത്തെ തടയുക തന്നെ ചെയ്യും. വെള്ളാപ്പള്ളി- ആര്‍എസ്എസ് അവിശുദ്ധ കൂട്ടുകെട്ട് കേരളത്തിലെ മതനിരപേക്ഷതയെ തകർക്കുമെന്നും പിണറായി കൂട്ടിച്ചേർത്തു.

പരസ്പരം സഹായിക്കാമെന്നാണ് വെള്ളാപ്പള്ളി-ആര്‍എസ്എസ് ബന്ധത്തില്‍ ഉറപ്പ് നല്‍കിയിരിക്കുന്നത്. വര്‍ഗീയതയെ ചെറുക്കാന്‍ എന്നും മുന്നില്‍ നിന്നത് എല്‍ഡിഎഫാണ്. സര്‍ക്കാരിന്റെ അഴിമതി രാഷ്ട്രീയത്തിനെതിരേ കേരള സമൂഹം പ്രതികരിക്കും. യുഡിഎഫ് അംഗമായ രാജൻബാബു എസ്എസ്ഡിപി പാർട്ടിയുടെ ഭരണഘടന തയാറാക്കാൻ പോയി. ഇതും യുഡിഎഫിൽ ചർച്ച ചെയ്യേണ്ടെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ നിലപാടെന്നും പിണറായി പറഞ്ഞു.