കുറച്ചുനേതാക്കളുടെ കറക്കു കമ്പനിയാണെന്ന പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍റെ പരാമർശത്തിനെതിരെ ആർഎസ്‌പി രംഗത്ത്. ആർഎസ്‌പി കറക്ക് കമ്പനിയാണെങ്കില്‍ സിപിഎം കോര്‍പ്പറേറ്റ് കമ്പനിയാണ്. ആർഎസ്‌പിയെ ശിഥിലമാക്കുമെന്ന സിപിഎമ്മിന്റെ വെല്ലുവിളി പാര്‍ട്ടി ഏറ്റെടുക്കുന്നു. നിയമസഭ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അറിയാം ആര്‍ക്കാണ് ജനപിന്തുണയെന്നു മനസിലാകുമെന്നും ആർഎസ്‌പി സംസ്ഥാന സെക്രട്ടറി എഎ അസീസ്, തൊഴിൽമന്ത്രി ഷിബു ബേബി ജോൺ, എൻകെ പ്രേമചന്ദ്രൻ എംപി എന്നിവർ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തില്‍ നേതാക്കള്‍ പറഞ്ഞു.
കൊല്ലം ജില്ലയില്‍ ആർഎസ്‌പിയില്‍ നിന്നും പ്രവര്‍ത്തകര്‍ സിപിഎമ്മിലേയ്ക്ക് പോകുന്നുവെന്ന പ്രചരണം തെറ്റാണെന്ന് മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു. വെള്ളിയാഴ്ച ഏഴ് പേര്‍ മാത്രമാണ് സിപിഎമ്മിലേയ്ക്ക് പോയതെന്നും 100 പേര്‍ വന്നുവെന്ന അവരുടെ പ്രചരണം തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏഴ് പേരെ പാര്‍ട്ടിയിലേയ്ക്ക് സ്വീകരിക്കാന്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം തന്നെ വരുന്നുവെന്ന കാര്യം ആ പാര്‍ട്ടിയുടെ അധപതനമാണ് കാണിക്കുന്നതെന്നും ഷിബു പറഞ്ഞു.
ഇടതുമുന്നണി വിട്ട ആർഎസ്‌പിയെ പിളർത്താൻ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോഴാണ് പ്രാദേശിക നേതാക്കളെ പിണറായിയുടെ നേതൃത്വത്തിൽ പ്രലോഭിപ്പിച്ച് സിപിഎമ്മിലേക്ക് ക്ഷണിക്കുന്നതെന്നും ആർഎസ്‌പി നേതാക്കൾ ആരോപിച്ചു.