ആസിഡ് ഒഴിച്ച് ആക്രമണം നടത്തി കവര്‍ച്ച: പ്രതി അറസ്റ്റില്‍

Webdunia
തിങ്കള്‍, 25 ജനുവരി 2016 (14:06 IST)
വീട്ടമ്മയുടെ മുഖത്ത് ആസിഡ് ഒഴിച്ച് ആക്രമിച്ച ശേഷം സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്ങമനാട് പനയക്കടവില്‍ വാടകയ്ക്ക് താമസിക്കുന്ന പാറക്കടവ് ചെട്ടിക്കുളം കരയില്‍ തെക്കന്‍റെ വീട്ടില്‍ ജോബ് മാത്യു (30)ആണ് പൊലീസ് വലയിലായത്.

കഴിഞ്ഞ പതിനാലാം തീയതി കുന്നുകര വടക്കേ അടുവാശേരി പൂക്കോട് പുതുശേരി വീട്ടില്‍ പരേതനായ ജോസിന്‍റെ ഭാര്യ മേഴ്സി എന്ന 52 കാരിയായ വീട്ടമ്മയുടെ മുഖത്ത് പ്രതി ആസിഡ് ഒഴിക്കുകയും ആക്രമിച്ച് സ്വര്‍ണ്ണമാലകള്‍ പൊട്ടിച്ചെടുത്ത് ബൈക്കില്‍ രക്ഷപ്പെടുകയും ചെയ്തു.  രണ്ട് മാസം മുമ്പ് വീട് പെയിന്‍റ് ചെയ്യാന്‍ വന്ന പരിചയം മുതലെടുത്ത് വീട്ടിലെത്തി ബൈക്കിനു പെട്രോള്‍ വാങ്ങാന്‍ കുപ്പി ചോദിച്ചാണു ആക്രമണം നടത്തിയത്.

ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രയ്ക്ക് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് ചെങ്ങമനാട് എസ് ഐ ഗോപകുമാറിന്‍റെ നേതൃത്വത്തില്‍ പൊലീസ് പ്രതിയെ കിഴക്കമ്പലത്തു നിന്ന് പിടികൂടിയത്. പ്രതിയില്‍ നിന്ന് തൊണ്ടി സാധനങ്ങള്‍ കണ്ടെടുത്തു.