തിരുവനന്തപുരം ജില്ലയിലെ കവടിയാറിലുള്ള കക്കോട് റോഡ് തകര്‍ന്നപ്പോള്‍ പുറത്തുവന്നത് ഗര്‍ഭ നിരോധന ഉറകളെന്ന് പരാതി. ടാർ ചെയ്യുന്ന സമയം ഉപയോഗിച്ച മണ്ണില്‍ നിന്നാണ് ഈ മഴക്കാലത്തിൽ കോണ്ടം പുറത്തേക്കു വരാന്‍ തുടങ്ങിയിരിക്കുന്നത്. ഇതിൽ ചവിട്ടാതെ റോഡിലൂടെ നടക്കാന്‍ കഴിയാത്ത അവസ്ഥയിലാണെന്ന് പ്രദേശവാസികള്‍ പറയുന്നു. ഏകദേശം 45 കുടുംബങ്ങളാണ് കക്കോട് താമസിക്കുന്നത്. സമകാലിക മലയാളമാണ് ഇത് സംബന്ധിച്ച വാർത്ത ആദ്യം പുറത്തുവിട്ടത്.
ഇരുപത് വർഷങ്ങൾക്ക് മുൻപ് റോഡ് ഇല്ലാതിരുന്നതിനാൽ ഇതുവഴിയുള്ള യാത്ര ദുഷ്‌കരമായിരുന്നു. അതിനെ തുടർന്ന് റോഡ് നിര്‍മിക്കുന്നതിനു വേണ്ടി വഴി നിരപ്പാക്കാനായി മണ്ണടിക്കുകയുണ്ടായി. ആ സമയത്തിൽ പ്രമുഖ കോണ്ടം നിര്‍മാണക്കമ്പനിയായ എച്ച്എല്‍എല്‍ ലൈഫ്‌കെയറായിരുന്നു ഇതിനാവശ്യമായ മണ്ണ് നല്‍കിയിരുന്നത്. മണ്ണ് ഇട്ടശേഷം മുകളിൽ ടാര്‍ ചെയ്തപ്പോള്‍ മണ്ണില്‍ കോണ്ടമുണ്ടെന്ന് നാട്ടുകാര്‍ക്ക് അറിയില്ലായിരുന്നു.
അടുത്തിടെ മാലിന്യ പൈപ്പുകള്‍ സ്ഥാപിക്കാനായി റോഡ് കുത്തിപ്പൊളിച്ചതോടെയാണ് പണ്ട് മണ്ണിലുണ്ടായിരുന്ന ഗര്‍ഭ നിരോധന ഉറകള്‍ പുറത്തെത്തിയത്. റോഡിന് നടുവിലൂടെയായിരുന്നു പ്പൈുകള്‍ക്കു വേണ്ടി കുഴിയെടുത്തത്.
കുഴി എടുത്തശേഷം ഒരു മഴ കൂടി കഴിഞ്ഞതോടെ റോഡ് മുഴുവന്‍ കോണ്ടം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. റോഡിൽ ഇടാൻ മണ്ണ് നൽകിയതിലൂടെ തങ്ങളുടെ മാലിന്യം ഇടാനുള്ള ഒരു സ്ഥലം മാത്രമാണ് എച്ച്എല്‍ എൽ കമ്പനിക്ക് വേണ്ടിയിരുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു.