ലോ അക്കാദമിക്ക് തിരിച്ചടി; ഹോട്ടലും കവാടവും ഒഴിപ്പിച്ചു, ഭൂമി തിരിച്ച് പിടിക്കണമെന്ന് കലക്ടർക്ക് മന്ത്രിയുടെ ഉത്തരവ്

വ്യാഴം, 9 ഫെബ്രുവരി 2017 (08:20 IST)
പേരൂർക്കട ലോ അക്കാദമി കോളജ് വളപ്പിൽ വാണിജ്യാവശ്യം മുൻനിർത്തി പ്രവർത്തിക്കുന്ന റസ്റ്ററന്റും സഹകരണ ബാങ്ക് ശാഖയും ഒഴിപ്പിച്ച് ഈ സ്ഥലം തിരിച്ചെടുക്കാൻ കലക്ടർക്കു മന്ത്രി ഇ ചന്ദ്രശേഖരന്റെ നിർദേശം. അക്കാദമിക്ക് അവകാശമില്ലാത്ത പുറമ്പോക്കിൽ നിർമിച്ചിരിക്കുന്ന മുഖ്യകവാടം ഒഴിപ്പിക്കാനും മന്ത്രി നിർദേശിച്ചു. ഭൂമി പതിച്ചു നൽകിയതിന്റെ വ്യവസ്ഥ ലംഘിച്ചതിനാലാണ് ഈ നടപടി. 
 
കെഎല്‍എ ആക്റ്റിലെ റൂള്‍ 8(3) പ്രകാരം ഭൂമി ഏറ്റെടുക്കണമെന്നാണ് നിര്‍ദേശം. നിയമവകുപ്പുമായി ആലോചിച്ചിട്ടായിരിക്കണം നടപടിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സര്‍ക്കാര്‍ പുറമ്പോക്കില്‍ നിര്‍മ്മിച്ചിരിക്കുന്ന റോഡും ഗേറ്റും പിടിച്ചെടുക്കണം. ലോ അക്കാദമി ട്രസ്റ്റിന്റെ സ്വഭാവം മാറിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗവര്‍ണര്‍ രക്ഷാധികാരിയായ ട്രസ്റ്റ് സ്വകാര്യ ട്രസ്റ്റ് ആയി മാറിയതെങ്ങനെയെന്ന് അന്വേഷിക്കണം. ഇത് അന്വേഷിക്കാന്‍ രജിസ്‌ട്രേഷന്‍ വകുപ്പിന് റിപ്പോര്‍ട്ടില്‍ നിര്‍ദേശം നല്‍കുകയുംചെയ്തിട്ടുണ്ട്.
 
1984ൽ ഭൂമി പതിച്ചുകിട്ടിയ ശേഷം ലോ അക്കാദമിയുടെ വ്യവസ്ഥകളിൽ ഭേദഗതി വരുത്തിയിട്ടുണ്ടോ, അതു ചട്ടപ്രകാരമാണോ എന്നു ജില്ലാ റജിസ്ട്രാർ പരിശോധിക്കേണ്ടതുണ്ടെന്ന നിർദേശത്തോടെ മന്ത്രി ജി സുധാകരനു റവന്യൂ മന്ത്രി ഫയൽ കൈമാറി. ഭരണ പരിഷ്‌കാര കമ്മീഷന്‍ അംഗമായ വിഎസ് അച്യുതാനന്ദന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് റവന്യു വകുപ്പ് ലോ അക്കാദമിയുടെ കൈവശമുളള ഭൂമിയെക്കുറിച്ച് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. 

വെബ്ദുനിയ വായിക്കുക