പതിനേഴുകാരിക്ക് നേരിട്ട മോശം അനുഭവം; രേവതിക്കെതിരെ വീണ്ടും പരാതി

Webdunia
തിങ്കള്‍, 15 ഒക്‌ടോബര്‍ 2018 (12:15 IST)
സിനിമാ ചിത്രീകരണത്തിനിടെ പതിനേഴുകാരിക്ക് മോശം അനുഭവം ഉണ്ടായെന്ന വെളിപ്പെടുത്തല്‍ നടത്തിയ നടി രേവതിയുടെ വെളിപ്പെടുത്തലില്‍ ബാലവകാശ കമ്മീഷനില്‍ പരാതി. കോഴിക്കോട് കുന്നമംഗലം സ്വദേശി നൗഷാദ് തെക്കയില്‍ എന്നയാളാണ് പരാതി നല്‍കിയത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചതറിഞ്ഞിട്ടും വിവരം പൊലീസിനെ അറിയിച്ചില്ല. അതിനാല്‍ രേവതിയെ കമ്മീഷന്‍ വിളിച്ചു വരുത്തി നിയമനടപടി സ്വീകരിക്കണമെന്നും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.

ശനിയാഴ്‌ച കൊച്ചിയിൽ ഡബ്ല്യുസിസി അംഗങ്ങൾ കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിനിടെയാണ് രേവതി പെണ്‍കുട്ടിക്കുണ്ടായ മോശം അനുഭവം വെളിപ്പെടുത്തിയത്. രാത്രി 11മണിക്ക് ശേഷം രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 17കാരി തന്റെ മുറിയുടെ വാതിലിൽ മുട്ടിയിയെന്നാണ് രേവതി പറഞ്ഞത്.

എന്നാല്‍, വെളിപ്പെടുത്തല്‍ വിവാദമായ സാഹചര്യത്തില്‍ വിശദീകരണവുമായി രേവതി രംഗത്ത് വന്നിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് 17കാരിയായ പെണ്‍കുട്ടി അര്‍ധരാത്രി രക്ഷതേടി തന്റെ മുറിയിലെത്തിയെന്നു പറഞ്ഞതു ലൈംഗിക പീഡനം ഉദ്ദേശിച്ചായിരുന്നില്ല. തുടര്‍ച്ചയായി മുറിയുടെ വാതിലില്‍ മുട്ടിവിളിച്ചതിനെത്തുടര്‍ന്നു ഭയപ്പെട്ടാണു പെണ്‍കുട്ടി തന്നെ വിളിച്ചതെന്നും രേവതി വ്യക്തമാക്കി.

അന്ന് രാത്രി മുഴുവന്‍ പെണ്‍കുട്ടിയും മുത്തശ്ശിയും ഭയത്തോടെ ഉറങ്ങാതിരുന്നു. സ്ത്രീകള്‍ക്ക് സുരക്ഷിതമായ തൊഴിലിടങ്ങള്‍ ഉണ്ടാകേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടാനാണ് ഇക്കാര്യം ഉന്നയിച്ചതെന്നും രേവതി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article