വിവാഹ ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ രാജീവ് ഗാന്ധി ഒരു രഹസ്യം പറഞ്ഞു, യഥാര്‍ഥ സമ്മാനം അതായിരുന്നു; ഓര്‍മകള്‍ പങ്കുവച്ച് രമേശ് ചെന്നിത്തല

Webdunia
ചൊവ്വ, 15 ജൂണ്‍ 2021 (10:35 IST)
ദേശീയ തലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പോഷക സംഘടനയായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായാണ് രമേശ് ചെന്നിത്തല രാഷ്ട്രീയത്തില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. ഏറ്റവും ഒടുവില്‍ കെപിസിസി അധ്യക്ഷന്‍, കേരളത്തിന്റെ ആഭ്യന്തരമന്ത്രി, പ്രതിപക്ഷ നേതാവ് തുടങ്ങിയ നിലയിലെല്ലാം രമേശ് ശ്രദ്ധിക്കപ്പെട്ടു. 
 
അനിതയാണ് രമേശ് ചെന്നിത്തലയുടെ ഭാര്യ. രാഷ്ട്രീയ ജീവിതത്തിലും വ്യക്തി ജീവിതത്തിലും അനിത ചെന്നിത്തലയുടെ ശക്തിയും ഊര്‍ജ്ജവുമായിരുന്നു. അനിതയെ വിവാഹം ചെയ്ത ദിവസം തന്നെ തേടിയെത്തിയ വലിയൊരു സന്തോഷം പങ്കുവയ്ക്കുകയാണ് ചെന്നിത്തല. 
 
രാജീവ് ഗാന്ധിയാണ് തന്നെ ദേശീയ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയതെന്ന് ചെന്നിത്തല പറയുന്നു. തന്റെ വിവാഹം നടക്കുന്ന സമയത്ത് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നു. കേരള ഹൗസില്‍ നടന്ന വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍ രാജീവ് ഗാന്ധി എത്തിയിരുന്നു. വിവാഹ സമ്മാനമായി ഒരു മോതിരം രാജീവ് ഗാന്ധി ചെന്നിത്തലയ്ക്ക് നല്‍കി. എന്നാല്‍, ഇതിനേക്കാള്‍ വലിയൊരു സമ്മാനം ആ ദിവസം രാജീവ് ഗാന്ധിയില്‍ നിന്ന് തനിക്ക് കിട്ടിയെന്ന് ചെന്നിത്തല പറയുന്നു. 'യൂത്ത് കേണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷനായി നിങ്ങളെ നിയമിച്ചിരിക്കുന്നു,' എന്ന് രാജീവ് ഗാന്ധി തന്നോട് പറഞ്ഞെന്നും അതാണ് ഏറ്റവും വലിയ സമ്മാനമായി തോന്നുന്നതെന്നും ചെന്നിത്തല പറയുന്നു. വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ രാജീവ് ഗാന്ധി എത്തിയതിന്റെ ചിത്രങ്ങളും രമേശ് ചെന്നിത്തല പങ്കുവച്ചിട്ടുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article