ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ വിമർശനത്തെ തുടർന്ന് നിയമസഭയില്‍ നിന്ന് വിട്ടുനിന്ന സ്‌പീക്കര്‍ എന്‍ ശക്തന്‍ സഭയിലെത്തി. രമേശ് ചെന്നിത്തല ഫോണിലൂടെ സ്‌പീക്കറുമായി സംസാരിച്ചതോടെയാണ് സംഭവവികാസങ്ങള്‍ തണുത്തത്. മന്ത്രിമാരായ കെസി ജോസഫ്, പികെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ നടത്തിയ ചര്‍ച്ചയ്‌ക്ക് ശേഷമാണ് ചെന്നിത്തല സ്പീക്കറെ ഫോണില്‍ വിളിച്ച് വിവാദങ്ങള്‍ അവസാനിപ്പിച്ചത്. തുടര്‍ന്ന് സ്‌പീക്കര്‍ സഭയിലെത്തി സഭാ നടപടി ക്രമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. രാവിലെ മുതല്‍ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവിയാണ് സഭാനടപടികൾ നിയന്ത്രിച്ചത്.
ചെവ്വാഴ്‌ച പ്രധാനമന്ത്രി നരേന്ദ്ര മോഡി സംസ്ഥാനത്ത് എത്തുന്നതിനാല്‍ സഭാ നടപടികള്‍ വേഗത്തിലാക്കുകയും ചര്‍ച്ച കൂടാതെ ബില്ലുകള്‍ പാസാക്കാന്‍ സ്‌പീക്കര്‍ എന്‍ ശക്‍തന്‍ മുന്‍കൈ എടുത്തിരുന്നു. മോഡിയെ സ്വീകരിക്കാന്‍ മന്ത്രിമാർക്ക് നേരത്തെ പോകുന്നതിന് വേണ്ടി ചർച്ച ചുരുക്കണമെന്ന് സ്പീക്കർ മന്ത്രിമാരോട് ആവശ്യപ്പെടുകയും ചെയ്‌തു. ഇതിനെതിരെയാണ് രമേശ് ചെന്നിത്ത സഭയില്‍ വെച്ച് തന്നെ പ്രതിഷേധം അറിയിച്ചത്.
നിയമനിര്‍മാണത്തില്‍ അംഗങ്ങളെ നിയന്ത്രിക്കുന്നത് ഇങ്ങനെയല്ലെന്നും ദോശ ചുടുന്നത് പോലെ നിയമനിർമ്മാണം നടത്തരുതെന്നായിരുന്നു രമേശിന്റെ വിമർശനം. ഇതോടെ സ്‌പീക്കര്‍ രംഗത്ത് എത്തുകയും നിങ്ങളുടെ ഇഷ്ടം പോലെ സംസാരിച്ചു കൊള്ളൂ എന്ന് പറയുകയുമായിരുന്നു. ഈ സംഭവവികാസങ്ങളില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചാണ്‍ ഇന്ന് സ്‌പീക്കര്‍ എന്‍ ശക്തന്‍ സഭയില്‍ എത്താതിരുന്നത്.