വിഴിഞ്ഞം: പരിസ്ഥിതി പഠനം വേണമെന്ന പ്രസ്താവന ചെന്നിത്തല തിരുത്തി

ചൊവ്വ, 8 സെപ്‌റ്റംബര്‍ 2015 (20:01 IST)
കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറമുഖ നിര്‍മാണ പദ്ധതി നടപ്പിലാക്കുമ്പോള്‍ ഉണ്ടാകുവാന്‍ സാധ്യതയുള്ള കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പെടെയുള്ള വിഷയത്തില്‍ പഠനം നടത്തണമെന്ന പ്രസ്താവന തിരുത്തി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല രംഗത്തെത്തി. ഇതുമായി ബന്ധപ്പെട്ടു തുറമുഖ വകുപ്പു മന്ത്രിയുമായി ചര്‍ച്ച നടത്തിയപ്പോഴാണു കാര്യങ്ങള്‍ ബോധ്യമായതെന്നും ചെന്നിത്തല പറഞ്ഞു. വിഴിഞ്ഞത്തു വീണ്ടും പരിസ്ഥിതി പഠനം നടത്തണമെന്നായിരുന്നു രമേശ് ചെന്നിത്തല ആവശ്യപ്പെട്ടത്.

വിഴിഞ്ഞം തുറമുഖ നിര്‍മാണ പദ്ധതി നടപ്പിലാക്കുമ്പോള്‍ ഉണ്ടാകുവാന്‍ സാധ്യതയുള്ള കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച
വിഷയത്തില്‍ മതിയായ പഠനം ആവശ്യമാണെന്നും, നിലവിലെ സംശയങ്ങള്‍ തീര്‍ക്കാന്‍ പഠനം ആവശ്യമാണെന്നുമാണ് ചെന്നിത്തല പറഞ്ഞത്.

അതേസമയം ചെന്നിത്തലയുടെ ആവശ്യത്തെ തള്ളി തുറമുഖ വകുപ്പു മന്ത്രി കെ ബാബു രംഗത്തെത്തി. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് ഇനി പഠനത്തിന്റെ ആവശ്യമില്ല. നിയമപരമായ എല്ലാ നടപടികളും പൂര്‍ത്തിയാക്കിയാണു വിഴിഞ്ഞം പദ്ധതി നടപ്പാക്കുന്നത്. കാര്യങ്ങള്‍ അറിയാതെയായിരിക്കും ചെന്നിത്തലയുടെ പ്രതികരണമെന്നും ബാബു കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക