തിരുവനന്തപുരത്ത് ബിജെപി നേതാവ് വിവി രാജേഷിനെതിരെ വ്യാപക പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ അതൃപ്തി അറിയിച്ച് രാജീവ് ചന്ദ്രശേഖര്‍. പാര്‍ട്ടിയില്‍ ഇനി ഇത്തരം പ്രവണത അനുവദിക്കില്ലെന്ന് ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ കൂടിയായ രാജീവ് ചന്ദ്രശേഖര്‍ ജില്ലാ നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞദിവസം വിവി രാജേഷിന്റെ വീടിനു മുന്നിലും സംസ്ഥാന കമ്മിറ്റി ഓഫീസിനു മുന്നിലുമാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
വിവി രാജേഷ് സാമ്പത്തിക തട്ടിപ്പുകാരനാണെന്നും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥിയായിരുന്ന രാജീവ് ചന്ദ്രശേഖരനെ തോല്‍പ്പിക്കാന്‍ രാജേഷ് കോണ്‍ഗ്രസില്‍ നിന്ന് പണം വാങ്ങി ശ്രമിച്ചുവെന്നുമാണ് പോസ്റ്ററുകളില്‍ എഴുതിയിരുന്നത്. അതേസമയം പോസ്റ്ററുകള്‍ നീക്കം ചെയ്യണമെന്നും ഇവ ഒട്ടിച്ചവരെ കണ്ടെത്തി കര്‍ശന നടപടിയെടുക്കണമെന്നും രാജീവ് ചന്ദ്രശേഖര്‍ നിര്‍ദ്ദേശം നല്‍കി.