തെക്കൻ കേരളത്തിൽ അടുത്ത അഞ്ചു ദിവസത്തേക്ക് കൂടി മഴ, മത്സ്യബന്ധന തൊഴിലാളികൾക്ക് മുന്നറിയിപ്പ്

Webdunia
വെള്ളി, 20 മെയ് 2016 (16:13 IST)
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. തെക്കൻ കേരളത്തിലാണ് കൂടുതല്‍ ശക്തം. അടുത്ത അഞ്ചു ദക്വസത്തേക്ക് കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കടലാക്രമണത്തിന് സാധ്യതയുണ്ടെന്നതിനാൽ മത്സ്യബന്ധന തൊഴിലാളികളോട് കടലിലേക്ക് പോകരുതെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
 
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ആന്ധ്രാ തീരത്തേക്ക് നീങ്ങിയതോടെയാണ് സംസ്ഥാനത്ത് കനത്തമഴ അനുഭവപ്പെടുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആരംഭിച്ച മഴയ്ക്ക് ഇന്നലെ ശമനം ഉണ്ടായിരുന്നു. എന്നാൽ വരുന്ന അഞ്ചു ദിവസത്തേക്ക് കൂടി കനത്ത മഴ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളത്തിനടിയിലായി. നിരവധി വീടുകളില്‍ വെള്ളം കയറി.
 
ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലായിരുന്നു കനത്ത നാശനഷ്ടം ഉണ്ടായത്. നിരവധി വീടുകൾ തകർന്നു. കടലാക്രമണം രൂക്ഷമായതിനെതുടർന്ന് തീരപ്രദേശത്തെ ജനങ്ങളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിപാർപ്പിക്കുകയുണ്ടായി. മണിക്കൂറില്‍ 60 മുതല്‍ 70 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റ് വീശാനും സാധൃതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article