ഉട്ടോപ്യന്‍ നടപടികളുമായി റയില്‍വെ, തിരുവല്ലയില്‍ നടക്കുന്നതെന്താണ്?

Webdunia
ചൊവ്വ, 31 മാര്‍ച്ച് 2015 (15:18 IST)
തല തിരിഞ്ഞ ബുദ്ധിയില്‍ വിരിയുന്നതൊക്കെയും തലതിരിഞ്ഞ് ആശയങ്ങളാകുമെന്ന് ആര്‍ക്കും മനസിലാകും കൂട്ടത്തില്‍ വിവരമില്ലായ്മയും കൂടി ചേര്‍ന്നാലോ, കലികാലം എന്നല്ലാതെന്താ എന്ന് പറയേണ്ടി വരും. പത്തനം തിട്ടയിലെ തിരുവല്ലയിലെ ജനങ്ങള്‍ക്കും പറ്റിയത് അതൊക്കെതന്നെയാണ്. റെയില്‍പ്പാത ഇരട്ടിപ്പിക്കലിന്റെ പേരില്‍ റെയില്‍വെ നിര്‍മിച്ച രണ്ടു മേല്‍പ്പാലങ്ങളാണ് ഇപ്പോള്‍ നാട്ടുകാരുടെ ഉറക്കം കളഞ്ഞിരിക്കുന്നത്.

കുറ്റപ്പുഴയിലും തീപ്പനിയിലും റെയില്‍വേ നിര്‍മിച്ച രണ്ടു മേല്‍പ്പാലങ്ങള്‍ കാരണം അപകടങ്ങളും ഗതാഗതക്കുരുക്കുകളുമാണ് നാടുകാരുടെ ദിവസവുമുള്ള കണികള്‍. വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റെയില്‍വേ രൂപരേഖ തയാറാക്കുമ്പോള്‍ പ്രദേശത്തെ എംപിമാര്‍, എംഎല്‍എ എന്നിവരുടെ അഭിപ്രായം കൂടി ആരായാറുണ്ട്‌. എന്നാല്‍  നിക്ഷിപ്‌ത താത്‌പര്യങ്ങള്‍ക്ക്‌ വേണ്ടി നിരവധി തവണ പദ്ധതി രൂപരേഖയില്‍ വ്യതിയാനമുണ്ടാക്കിയ ജനപ്രതിനിധികള്‍ സ്വന്തം വിവരമില്ലായമ കാരണം വെറുപ്പിച്ചത് നാട്ടുകാരേയാണ്.

തീപ്പനിയില്‍ ടി.കെ. റോഡിന്‌ കുറുകേ പുതുതായി നിര്‍മിച്ച മേല്‍പ്പാലത്തിന്‌ വേണ്ടത്ര ഉയരമില്ലാത്തതാണ്‌ നഗരത്തെ കുരുക്കിലാക്കുന്ന ഒരു പ്രശ്‌നം. ഉയരം കുറഞ്ഞ പാലത്തിന്റെ ഇരുമ്പ്‌ ഗര്‍ഡറുകളില്‍ വാഹനങ്ങള്‍ ഇടിക്കുന്നതു മൂലം ഇതുവഴി കണ്ടെയ്‌നര്‍ പോലുള്ള വഹനങ്ങള്‍ക്ക്‌ കടന്നുപോകാന്‍ കഴിയില്ല.  നിര്‍മാണം അവസാനഘട്ടത്തില്‍ എത്തിയ കുറ്റപ്പുഴ മേല്‍പ്പാലത്തിലേക്ക്‌ വാഹനങ്ങള്‍ കയറണമെങ്കില്‍ ഏതാണ്ട്‌ 90 ഡിഗ്രി വളയേണ്ടി വരും. ഇത്‌ അപകടങ്ങള്‍ക്ക്‌ കാരണവുമായേക്കാം.

ഇപ്പോള്‍ ജനപ്രതിനിധികളേയും, ഉദ്യോഗസ്ഥരേയും മാത്രം മഷിയിട്ടുനോക്കിയാല്‍ പോലും കാണാന്‍ പറ്റില്ല എന്ന പരിഭവത്തിലാണ് നാട്ടുകാര്‍. ഏതായാലും അമളി പിണഞ്ഞു എന്ന് മനസിലായതിനു പിന്നാലെ ജനപ്രതിനിധികളും ഉദ്യോഗസ്‌ഥരും പരസ്‌പരം പഴിചാരി ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിയാനുള്ള ശ്രമമാണ്‌ നടത്തിക്കൊണ്ടിരിക്കുന്നത്. പതിവു പോലെ ദുരിതങ്ങള്‍ ഏറ്റു വാങ്ങാന്‍ ജനങ്ങളുടെ ജീവിതം ഇനിയും ബാക്കി.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.