സ്വപ്ന സുരേഷിന്റെ നിയമനം നടപടിക്രമങ്ങൾ പാലിച്ച്, എല്ലാ ആരോപണങ്ങളും നിഷേധിച്ച് പിഡബ്ല്യുസി

തിങ്കള്‍, 27 ജൂലൈ 2020 (08:38 IST)
തിരുവനന്തപുരം: സ്വപ്ന സുരേഷിനെ ഐടി വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡില്‍ നിയമിച്ചത് എല്ലാ നടപടിക്രമങ്ങളും പാലിച്ചെന്ന് പ്രൈസ്‍ വാട്ടര്‍ഹൗസ് കൂപ്പേഴ്സ്. സ്പേസ് പാര്‍ക്ക് കണ്‍സല്‍റ്റന്‍സി കരാര്‍ റദ്ദാക്കാനുള്ള കെഎസ്‌ഐടിഐഎല്‍ നല്‍കിയ നോട്ടീസിനുള്ള മറുപടിയിലാണ് പിഡബ്ല്യുസി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 
 
നോട്ടിസിലെ ആരോപണങ്ങളെല്ലാം പിഡബ്ല്യുസി നിഷേധിച്ചു. സ്വപ്ന സുരേഷിനെ നിയമിക്കുന്നതിൽ എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടെന്ന് പിഡബ്ല്യുസിയുടെ നിയമവിഭാഗമാണ് കെഎസ്‌ഐടിഐഎല്ലിന് മറുപടി നൽകിയത്. ശിവശങ്കറിന്റെ ശുപാര്‍ശയോടെയാണ് സ്വപ്നയെ നിയമിച്ചതെന്ന് ചീഫ് സെക്രട്ടറിതല സമിതി നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്തത്. 
 
നിയമനത്തിനു വേണ്ടി സ്വപ്ന ഹാജരാക്കിയ ബിരുദം വ്യാജമെന്നു കണ്ടെത്തിയതോടെ കരാര്‍ റദ്ദാക്കാന്‍ പി‍ഡബ്ല്യുസിക്ക് ഐടി വകുപ്പ് അഭിഭാഷകന്‍ മുഖേന നോട്ടിസ് അയച്ചിരുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തിയെ വ്യാജ വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിൽ സര്‍ക്കാര്‍ സംവിധാനത്തിലേക്ക് അയച്ചതിലൂടെ കരാര്‍ ലംഘനം നടത്തിയെന്നും നഷ്ടപരിഹാരം നൽകണം എന്നും ആവശ്യപ്പെട്ടായിരുന്നു നോട്ടിസ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍