വിങ്ങിപ്പൊട്ടി പിവി‌ അൻവർ; പ്രസംഗം പാതിയിൽ നിർത്തി; 10 ലക്ഷം രൂപയുടെ സഹായപ്രഖ്യാപനം

വെള്ളി, 16 ഓഗസ്റ്റ് 2019 (09:59 IST)
നിലമ്പൂരിലെ പോത്തുകല്ലില്‍ നടന്ന ദുരിതാശ്വാസ പ്രവര്‍ത്തന സര്‍വകക്ഷി യോഗത്തില്‍ പ്രസംഗിക്കുന്നതിനിടെ വിങ്ങിപ്പൊട്ടി നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വർ. പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്കായി വ്യക്തിപരമായി 10 ലക്ഷം രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ച് കൊണ്ട് നടത്തിയ പ്രസംഗത്തിനിടെയാണ് അന്‍വര്‍ എംഎല്‍എ കരഞ്ഞത്. എംഎല്‍എയുടെ പ്രസംഗം ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. മുസ്‌ലിം ലീഗ് എംപി പിവി അബ്ദുല്‍ വഹാബടക്കം വേദിയില്‍ ഉണ്ടായിരുന്നു.കവളപ്പാറയിലടക്കം നിലമ്പൂരിലെ പ്രളയഭൂമിയില്‍ രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനത്തിനും എംഎല്‍എയും മുന്നിലുണ്ടായിരുന്നു.

അൻവറിന്റെ പ്രസംഗത്തിന്റെ പൂർണ്ണരൂപം:-
 
ഈ പ്രയാസങ്ങള്‍ കഴിഞ്ഞ അഞ്ചെട്ട് ദിവസമായി ഞാന്‍ നേരില്‍ കാണുകയാണ്. എന്തു പറയും എന്ത് ചെയ്യുമെന്ന് അറിയില്ല. ഉറ്റവരും ഉടയവരും  നഷ്ടപ്പെട്ടവരുടെ കണ്ണുകള്‍ നമുക്ക് കാണാന്‍ കഴിയില്ല. ജീവിതത്തില്‍ സമ്പാദിച്ചതെല്ലാം ഒറ്റ രാത്രി കൊണ്ട് നഷ്ടപ്പെട്ട ഈ സാധുക്കളോട് എം.എല്‍.എ എന്ന നിലയില്‍ എന്ത് നിങ്ങള്‍ക്ക് ചെയ്ത് തരാന്‍ കഴിയുമെന്ന് പറയാന്‍ കഴിയാതെ വീര്‍പ്പു മുട്ടുകയാണ്. അത് കൊണ്ട് നമ്മളോരുത്തരും കഴിയുന്ന വിധം ഈ ജനങ്ങളെ സഹായിക്കേണ്ടതുണ്ട്. ഞാന്‍ എന്റെ വാക്കുകള്‍ അവസാനിപ്പിക്കുകയാണ്. തുടക്കമെന്ന നിലയില്‍ എന്നാല്‍ കഴിയുന്ന നിലയില്‍ റീബില്‍ഡ് കേരളയ്ക്ക് പത്ത് ലക്ഷം രൂപ വ്യക്തിപരമായി നല്‍കുകയാണ്. ധാര്‍മ്മിക ഉത്തരവാദിത്വമേറ്റെടുത്ത് നിങ്ങളുടെ ഒരു സഹോദരനായി ഞാന്‍ നിങ്ങളോടൊപ്പം ഉണ്ടാകുമെന്ന് പറയുകയാണ്.’ അന്‍വര്‍ പറഞ്ഞു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍