ദിലീപിന്റെ മാനേജരുമായി സംസാരിച്ചത് വിഷ്ണു അല്ല, അത് പള്‍സര്‍ സുനി തന്നെ! പൊലീസ് വെളിപ്പെടുത്തി

Webdunia
തിങ്കള്‍, 26 ജൂണ്‍ 2017 (09:01 IST)
കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ക്ക് വ്യക്തത വരുന്നു. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുമായി സംസാരിച്ചത് പള്‍സര്‍ സുനി തന്നെയെന്ന് പൊലീസ്. പള്‍സര്‍ സുനിക്കൊപ്പം ജയിലില്‍ കഴിഞ്ഞ വിഷ്ണുവാണ് മാനേജരുമായി സംസാരിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം.
 
എന്നാല്‍, ശബ്ദം വിഷ്ണുവിന്റേത് അല്ലെന്നും അത് പള്‍സര്‍ സുനിയുടെത് ആണെന്നും പൊലീസ് വ്യക്തമാക്കുന്നു. രാവിലെയാണ് ഫോണ്‍ സംഭാഷണം പുറത്തുവന്നത്. ഒന്നരക്കോടി രൂപ ആവശ്യപ്പെടുന്ന ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. ജയിലില്‍ നിന്നാണ് വിളിക്കുന്നതെന്ന് സംഭാഷണത്തില്‍ സുനി പറയുന്നത് കേള്‍ക്കാം. താന്‍ എഴുതിയ കത്ത് വായിക്കണമെന്നും ദിലീപിന്റെ മാനേജരോട് പള്‍സര്‍ സുനി ആവശ്യപ്പെടുന്നുണ്ട്.
 
സംഭാഷണത്തില്‍ നിരന്തരം എന്തിനാണ് തന്നെ വിളിച്ച് ശല്യപ്പെടുത്തുന്നതെന്നും ഇക്കാര്യത്തില്‍ തന്നെ വിളിക്കണ്ട നിനക്കിഷ്ടമുള്ളത് ചെയ്‌തോ എന്ന് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി സുനിയോട് പറയുന്നുണ്ട്. നിരവധി തവണ ദിലീപിനെയും മാനേജര്‍ അപ്പുണ്ണിയേയും നാദിര്‍ഷയേയും വിഷ്ണു എന്നയാള്‍ വിളിച്ചിരുന്നു എന്നാണ് ഇന്നലെ ദിലീപും നാദിര്‍ഷയും വെളിപ്പെടുത്തിയത്.
Next Article