തിയറ്ററില്‍ പോയി സിനിമ കണ്ടവര്‍ക്ക് നന്ദി; ‘പുലിമുരുകന്‍’ 100 കോടി ക്ലബിലെത്തിയതിന്റെ സന്തോഷവുമായി മോഹന്‍ലാല്‍

Webdunia
തിങ്കള്‍, 7 നവം‌ബര്‍ 2016 (12:13 IST)
മലയാളികള്‍ക്കിത് അഭിമാന മുഹൂര്‍ത്തമാണ്. ഇത് ആദ്യമായി ഒരു മലയാളസിനിമ 100 കോടി ക്ലബില്‍ ഇടം കണ്ടെത്തി. മോഹന്‍ലാല്‍ നായകനായി, വൈശാഖ് സംവിധാനം ചെയ്ത ‘പുലിമുരുകന്‍’ ആണ് 100 കോടി ക്ലബില്‍ മലയാളസിനിമയില്‍ നിന്ന് ആദ്യമായി എത്തിയത്.
 
‘പുലിമുരുകന്‍’ 100 കോടി ക്ലബിലെത്തിയതിന്റെ സന്തോഷം മോഹന്‍ലാല്‍ ഫേസ്‌ബുക്കില്‍ പങ്കുവെച്ചു. തിയറ്ററിലെത്തി ചിത്രം കണ്ട എല്ലാവര്‍ക്കും നന്ദി അറിയിച്ച മോഹന്‍ലാല്‍ പുലിമുരുകന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും എല്ലാറ്റിലുമുപരി സര്‍വ്വേശ്വരനോടും നന്ദി പറയുന്നതായി ഫേസ്‌ബുക്കില്‍ കുറിച്ചു.
 
“നൂറുകോടി ക്ലബിലെത്തുന്ന ആദ്യ മലയാളസിനിമ ‘പുലിമുരുകന്‍‘, ഇക്കാര്യം നിങ്ങളുമായി പങ്കുവെക്കുന്നതില്‍ വളര സന്തോഷമുണ്ട്. സംവിധായകന്‍ വൈശാഖ്,  നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം, സ്റ്റണ്ട് കോറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്ന്‍, സ്ക്രിപ്‌റ്റ് എഴുതിയ ഉദയകൃഷ്‌ണ, ഛായാഗ്രഹണം നിര്‍വ്വഹിച്ച ഷാജി, കൂടാതെ പുലിമുരുകന്‍ ഒരു വന്‍ വിജയമാക്കാന്‍ സഹായിച്ച മുഴുവന്‍ ടീം അംഗങ്ങള്‍ക്കും നന്ദി അറിയിക്കുന്നു. തിയറ്ററില്‍ വന്ന് സിനിമ കണ്ട ഓരോ പ്രേക്ഷകനുമാണ് ഇങ്ങനെയൊരു വിജയം സാധ്യമാക്കിയത്. എല്ലാത്തിലുമുപരി എല്ലാ അനുഗ്രഹങ്ങള്‍ക്കും സര്‍വ്വേശ്വരനോടും നന്ദി പറയുന്നു.”
Next Article