ചിത്രയെ ഒഴിവാക്കിയ സംഭവം: പിടി ഉഷയെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി രംഗത്ത്
വെള്ളി, 28 ജൂലൈ 2017 (19:57 IST)
ലണ്ടനിൽ അടുത്ത മാസം നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിനുള്ള ടീമിൽ നിന്നും പിയു ചിത്രയെ ഒഴിവാക്കിയ സംഭവത്തില്‍ പിടി ഉഷയ്‌ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.
കായികരംഗത്തെ കിടമത്സരവും വിദ്വേഷവും വച്ചുപൊറുപ്പിക്കാനാകില്ല. മുതിര്‍ന്ന താരങ്ങള്‍ പിന്നാലെ വരുന്നവരെ ഒരേ മനസോടെ കാണണം. വ്യക്തികള്‍ക്കല്ല, കായികതാരങ്ങള്‍ക്കാണ് പ്രാധാന്യമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ചിത്രയെ ഒഴിവാക്കിയതിന് പിന്നില്‍ ഉഷയുടെ ഇടപെടലാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ചിത്രയെ ഒഴിവാക്കിയതില്‍ ഉഷയ്ക്ക് പങ്കുണ്ടെന്ന് സെലക്ഷൻ കമ്മിറ്റി ചെയർമാൻ രൺധാവ വ്യക്തമാക്കിയിരുന്നു.
ചിത്രയെ ഒഴിവാക്കിയത് തന്റെ മാത്രം തീരുമാനം അല്ല. ഉഷ ഉള്‍പ്പെടുന്ന സമിതിയാണ് ചിത്രയെ ഒഴിവാക്കിയത്. ഉഷ, അത്‌ലറ്റിക് ഫെഡറേഷന്‍ പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ ചേര്‍ന്നാണ് ചിത്രയെ ഒഴിവാക്കാന്‍ തീരുമാനിച്ചതെന്നും ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ രൺധാവ കഴിഞ്ഞ ദിവസം പറഞ്ഞു. ഇതോടെയാണ് നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി രംഗത്തെത്തിയത്.