തെരഞ്ഞെടുപ്പിൽ വട്ടപൂജ്യം കിട്ടിയെങ്കിലും ട്രോഫി ശ്രീധരൻപിള്ളയ്ക്ക്; കേന്ദ്രമന്ത്രി നേരിട്ടുവിളിച്ചുവെന്ന് പി എസ് ശ്രീധരന്‍പിള്ള

ചൊവ്വ, 28 മെയ് 2019 (11:10 IST)
തെരഞ്ഞെടുപ്പ് ഫലം ചര്‍ച്ച ചെയ്യാന്‍ ബിജെപി നേതൃയോഗം ഇന്ന് ആലപ്പുഴയില്‍ ചേരും. കോര്‍കമ്മറ്റിയും ഭാരവാഹി യോഗവുമാണ് ചേരുക. സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാത്തതില്‍ വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള പോര് മുറുകിയ സാഹചര്യത്തിലാണ് യോഗം. തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ നേതൃമാറ്റത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ അണിയറയില്‍ മുറുകുമ്പോഴാണ് അപ്രമാദിത്വം പ്രഖ്യാപിച്ച് ശ്രീധരന്‍പിള്ള രംഗത്തെത്തുന്നത്. കേരളത്തിന് വീഴ്ച പറ്റിയിട്ടില്ല, കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇരട്ടിയിലധികം വോട്ടുകള്‍ ബിജെപി അധികം നേടി.
 
സീറ്റുകിട്ടിയില്ലെങ്കിലും മികച്ച പ്രകടനം കാഴ്ചവെച്ച കേരള ഘടകത്തെ കേന്ദ്രമന്ത്രി നേരിട്ടുവിളിച്ച് അഭിനന്ദിച്ചുവെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി. വിശദമായ ചര്‍ച്ചകള്‍ ഇന്ന് ആലപ്പുഴയില്‍ നടക്കുന്ന ഭാരവാഹി യോഗത്തില്‍ നടക്കുമെന്നും ശ്രീധരന്‍പിള്ള മനോരമ ന്യൂസിനോട് പറഞ്ഞു.
 
തോല്‍വിയുടെ ഉത്തരവാദിത്വം സംസ്ഥാന അധ്യക്ഷനാണെന്ന് മുരളീധര പക്ഷം വിമര്‍ശനമുന്നയിക്കാന്‍ സാധ്യതയുണ്ട്. നേതൃമാറ്റം ലക്ഷ്യമിട്ടുള്ള നീക്കം മുരളീധരപക്ഷം സജീവമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. ശബരിമല ഗുണം ചെയ്‌തെന്നും ഇല്ലെന്നുമുള്ള വ്യത്യസ്ത പ്രതികരണങ്ങളുമായി നേതാക്കള്‍ നേരത്തെ രംഗത്ത് വന്നിരുന്നു.
 
രാജ്യമാകെ മോദി തരംഗം അലയടിച്ചപ്പോഴാണ് കേരളത്തില്‍ ബിജെപിയുടെ അക്കൗണ്ട് തുറക്കല്‍ സ്വപ്നമായി അവശേഷിച്ചത്. പത്തനംതിട്ടയടക്കമുള്ള മണ്ഡലങ്ങളില്‍ വോട്ടുകള്‍ ഗണ്യമായി കൂടാന്‍ ശബരിമല വിഷയം സഹായിച്ചുവെന്നാണ് കെ സുരേന്ദ്രന്റെ വിലയിരുത്തല്‍.
 
അതേസമയം തെരഞ്ഞെടുപ്പില്‍ കേരളത്തിന്റെ പ്രകടനത്തില്‍ കേന്ദ്രനേതൃത്വത്തിന് തൃപ്തിയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള പറഞ്ഞു. കേന്ദ്രമന്ത്രി നേരിട്ടുവിളിച്ച് അഭിനന്ദനം അറിയിച്ചു. തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് കേന്ദ്രം പരിശോധിച്ചിട്ടുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍