പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിനു വ്യാഴാഴ്ച കൊടികയറും. പൂരത്തോടനുബന്ധിച്ചുള്ള പ്രധാന ക്ഷേത്രങ്ങളായ തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും അനുബന്ധ ക്ഷേത്രങ്ങളിലും വ്യാഴാഴ്ച കൊടികയറും. തിരുവമ്പാടി ക്ഷേത്രത്തില്‍ വ്യാഴാഴ്ച രാവിലെ പത്തരയ്ക്കും 12 മണിക്കും ഇടയ്ക്കാണ് പൂരം കൊടിയേറുന്നത്. 29 നാണ് തൃശൂര്‍ പൂരം.
തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന്‍ നമ്പൂതിരിപ്പാട്, പുലിയന്നൂര്‍ കുട്ടന്‍ നമ്പൂതിരിപ്പാട്, മേല്‍ശാന്തി മുത്തേടത്ത് സുകുമാരന്‍ നമ്പൂതിരി എന്നിവരുടെ മുഖ്യ കാര്‍മ്മികത്വത്തിലാണ് കൊടിയേറ്റ ചടങ്ങുകള്‍ നടക്കുന്നത്. പാരമ്പര്യ അവകാശികളായ താഴത്തു പുരയ്ക്കല്‍ സുന്ദരന്‍, സുഷിത് എന്നിവര്‍ അടയ്ക്കാ മരം ചെത്തിമിനുക്കി കൊടിമരം നിര്‍മ്മിച്ച ശേഷം ഇത് സ്ഥാപിക്കേണ്ട സ്ഥലത്ത് ഭൂമി പൂജ നടത്തും. തുടര്‍ന്ന് ശ്രീകോവിലില്‍ പൂജിച്ച കൊടിക്കൂറ കൊടിമരത്തില്‍ കെട്ടി നാട്ടുകാര്‍ കൊടിമരമുയര്‍ത്തും. ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് പൂരം പുറപ്പാടും നടക്കും.
പാറമേക്കാവ് ക്ഷേത്രത്തില്‍ ഉച്ചയ്ക്ക് 12 മണിക്കാണു കൊടിയേറ്റം. വലിയ പാണിക്ക് ശേഷം ഭഗവതിയെ സാക്ഷിനിര്‍ത്തി ദേശക്കാര്‍ കൊടിയുയര്‍ത്തും. ചെമ്പില്‍ നീലകണ്ഠന്‍ ആചാരി കവുങ്ങില്‍ കൊടിമരത്തില്‍ അലങ്കാരം നടത്തും. തുടര്‍ന്നു ക്ഷേത്രത്തില്‍ നിന്നു നല്‍കുന്ന സുംഹ മുദ്രയുള്ള കൊടിക്കൂറ കെട്ടിയാണു കൊടി ഉയര്‍ത്തുക.