പൊലീസിനെ മർദ്ദിച്ച പ്രതിയെ പിടിച്ച എസ് ഐയെ സ്ഥലം മാറ്റി; പിന്നിൽ മന്ത്രി കടകംപള്ളിയോ?

ശനി, 20 ഓഗസ്റ്റ് 2016 (17:54 IST)
മംഗലപുരത്ത് പൊലീസിനെ മർദിച്ച സംഭവത്തിൽ പ്രതിയെ പിടിച്ച എസ്ഐയെ സ്ഥലം മാറ്റിയതു വിവാദമാകുന്നു. റൂറൽ എസ്പി അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇതുമായി ബന്ധപ്പെട്ട് പൊലീസ് മേധാവിയെ പ്രതിഷേധം അറിയിച്ചു. എസ് ഐയുടെ സ്ഥലം മാറ്റത്തിനു പിന്നില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള സി പി എം നേതാക്കളുടെ സമ്മര്‍ദമാണെന്നും ആക്ഷേപമുണ്ട്. ഇവരുടെ ഇടപെടലാണ് സ്ഥലം മാറ്റത്തിനു പിന്നിൽ എന്നാണ് ഉയർന്നു വരുന്ന ആരോപണം.
 
ഒരു മാസം മുൻപായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഏറെ നാളത്തെ അന്വേഷണത്തിനുശേഷമാണു കഴിഞ്ഞദിവസം പ്രതികളിലൊരാളെ പിടികൂടിയത്. മംഗലപുരം പി.പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ സ്റ്റേഷനിൽ കൊണ്ടുവന്നപ്പോൾത്തന്നെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഏരിയാ കമ്മിറ്റിയുടെയും ജില്ലാ പഞ്ചായത്ത് അംഗം ജലീലിന്റേയും നേതൃത്വത്തിൽ സ്റ്റേഷൻ ഉപരോധിക്കുകയും ചെയ്തു. ആവശ്യം അംഗീകരിക്കാതെ വന്നപ്പോൾ എസ്ഐയെ സ്ഥലം മാറ്റുകയായിരുന്നു. റൂറൽ എസ്പി ഷെഫിൻ അഹമ്മദ് അടക്കമുള്ളവർ ഇക്കാര്യത്തിൽ പ്രതിഷേധത്തിലാണ്. ഇത്തരം സംഭവങ്ങൾ സേനയുടെ ആത്മവീര്യം കെടുത്തുമെന്നാണ് ഇവരുടെ നിലപാട്. 

വെബ്ദുനിയ വായിക്കുക