കണ്ടെയ്ന്‍മെന്റ് സോണുകളുടെ ചുമതല ഇനി പൊലീസിന്

ശ്രീനു എസ്
ചൊവ്വ, 4 ഓഗസ്റ്റ് 2020 (08:16 IST)
കണ്ടെയ്ന്‍മെന്റ് സോണുകളുടെ ചുമതല പൊലീസിനെ ഏല്‍പ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കണ്ടെയിന്‍മെന്റ് സോണിലെ നിയന്ത്രണങ്ങള്‍ ഫലപ്രദമായി നടപ്പാക്കാന്‍ പൊലീസ് നടപടി കര്‍ശനമാക്കും. ക്വാറന്റീന്‍ ലംഘിച്ച് ചിലരെങ്കിലും പുറത്തിറങ്ങുന്നുണ്ട്. ശാരീരിക അകലം പാലിക്കാതിരിക്കുക, സമ്പര്‍ക്കവിലക്ക് ലംഘിക്കുക തുടങ്ങിയ സംഭവങ്ങളുമുണ്ടാവുന്നു. ഇത് രോഗവ്യാപനത്തോത് വര്‍ധിപ്പിക്കുന്നു. ഇത്തരം കാര്യങ്ങളില്‍ ഇനി പോലീസ് നിയന്ത്രണമുണ്ടാവും. 
 
ക്വാറന്റീനില്‍ കഴിയുന്നവര്‍ അത് ലംഘിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ പൊലീസ് ഇടപെടലുണ്ടാവും. പുറത്തിറങ്ങിയാല്‍ കടുത്ത നടപടിയുമുണ്ടാകും. സമ്പര്‍ക്കവ്യാപനം മൂലമുള്ള രോഗബാധ കൂടിവരുന്ന പശ്ചാത്തലത്തില്‍ കണ്ടെയിന്‍മെന്റ് സോണ്‍ കണ്ടെത്തി മാര്‍ക്ക് ചെയ്യാന്‍ കളക്ടറെയും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയെയും പോലീസ് സഹായിക്കും. ജില്ലാ പൊലീസ് മേധാവിമാര്‍ ഇക്കാര്യത്തില്‍ കളക്ടര്‍മാര്‍ക്ക് വേണ്ട സഹായം നല്‍കും. സമ്പര്‍ക്കവിലക്ക് ലംഘിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ടവര്‍ പൊലീസിനെ അറിയിക്കണം. മാര്‍ക്കറ്റുകളിലും മറ്റു പൊതുസ്ഥലങ്ങളിലും ആളുകള്‍ നിശ്ചിത ശാരീരിക അകലം പാലിക്കുന്നു എന്നത് പൊലീസ് ഉറപ്പുവരുത്തും.

അനുബന്ധ വാര്‍ത്തകള്‍

Next Article