സ്ത്രീയുടെ പരാതിയിൽ നടപടി വൈകി: നാല് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

എ കെ ജെ അയ്യര്‍
ചൊവ്വ, 25 ജൂലൈ 2023 (19:08 IST)
എറണാകുളം: സ്ത്രീയുടെ പരാതിയിൽ നടപടി എടുക്കുന്നതിനു വൈകിയതിനാൽ  നാല് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. സ്ട്രീയെ വഴിയിൽ തടഞ്ഞു നിർത്തി അപമര്യാദയായി പെരുമാറി എന്ന പരാതിയിൽ നടപടി എടുക്കാൻ വൈകിയതിനാലാണ് വൈക്കം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ ആയത്.

സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്.ഐ അജ്മൽ ഹുസ്സൈൻ, എഎസ്.ഐ കെ.വിനോദ്, സീനിയർ സി.പി.ഓ മാരായ വി.വിനോദ്, പി.ജെ.സാബു എന്നിവർക്കാണ് സസ്‌പെൻഷൻ ഉണ്ടായത്.

പതിമൂന്നാം തീയതി രാത്രി ഏഴരയ്ക്ക് ആണ് ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന സ്ത്രീയ്ക്ക് നേരെ അതിക്രമം നടന്നത്. ഇവരെ സ്‌കൂട്ടറിൽ എത്തിയ ആൾ ഉപദ്രവിക്കുകയായിരുന്നു. തുടർന്ന് സ്ത്രീ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. എന്നാൽ പ്രതി പിടികൂടാൻ വൈകിയതോടെ ഇവർ ഡി.ഐ.ജി ക്ക് പരാതി നൽകുകയായിരുന്നു.

തുടർന്ന് മധ്യമേഖലാ ഡി.ഐ.ജി ശ്രീനിവാസ് നടത്തിയ അന്വേഷണത്തിൽ സംഭവത്തിൽ കേസെടുക്കാൻ വൈകി എന്നും ദുർബലമായ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത് എന്നും തെളിഞ്ഞതോടെയാണ് സസ്‌പെൻഷൻ നടപടി ഉണ്ടായത്. ഇതിനൊപ്പം പരാതി കൈപ്പറ്റി രസീത് കൈമാറിയില്ലെന്നും കണ്ടെത്തിയിരുന്നു.   

അനുബന്ധ വാര്‍ത്തകള്‍

Next Article