ലക്ഷ്മി നായര് വിവാദം തുടരും; നിലപാട് വ്യക്തമാക്കി പൊലീസ് ഹൈക്കോടതിയിൽ
വിദ്യാർഥിയെ ജാതിപ്പേരു വിളിച്ചാക്ഷേപിച്ച കേസിൽ ലോ അക്കാഡമി മുൻ പ്രിൻസിപ്പൽ ലക്ഷ്മി നായർക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. കേസിനെതിരെ ലക്ഷ്മി നായർ സമർപ്പിച്ച ഹർജിയിലാണു വിശദീകരണം.
അന്വേഷണം പുരോഗമിക്കുകയാണെന്നും തിരുവനന്തപുരം കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മിഷണർ കെഇ ബൈജു അറിയിച്ചു.
ഹർജിക്കാരി കാമ്പസിൽ തന്നെയുള്ള വസതിയിലാണ് താമസമെന്നതിനാൽ അവധി ദിവസവും കോളജിലെത്താൻ സാധ്യതയുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം വേണം. 23 സാക്ഷികളുടെ മൊഴിയെടുത്തു. ഇതിനായി പരാതിക്കാരനായ വിദ്യാർഥിയുടെ ജാതി സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ കിട്ടേണ്ടതുണ്ടെന്നും പൊലീസിന്റെ റിപ്പോർട്ടിൽ പറയുന്നു.