ബ്രേക്ക് പെഡലിനടിയിൽ ‘കുപ്പി’ കുടുങ്ങി; നിയന്ത്രണംവിട്ട പൊലീസ് ജീപ്പ് കടയിലേക്ക് ഇടിച്ചുകയറി
വെള്ളി, 4 നവംബര്‍ 2016 (13:24 IST)
നിയന്ത്രണം നഷ്ടപ്പെട്ട പൊലീസ് ജീപ്പ് സ്വകാര്യ സ്ഥാപനത്തിന്റെ മതിലും ബോർഡും തകർത്തു വർക്ക്ഷോപ്പിലെ കാർപോർച്ചിൽ കയറിനിന്നു. വിഴിഞ്ഞം - വെങ്ങാനൂർ റോഡില്‍ ഇന്നലെയാണ് സംഭവം നടന്നത്. വർക്ക്ഷോപ്പിലേക്കു വന്നിരുന്ന ബൈക്ക് യാത്രക്കാരന്‍ അജീഷും ജീപ്പിലുണ്ടായിരുന്ന വിഴിഞ്ഞം സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ജയകുമാറും ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു.
രാവിലെ ഡ്യൂട്ടി പട്രോളിങ്ങിനായി വെങ്ങാനൂർ ഭാഗത്തേക്കു പോയ പൊലീസ് ജീപ്പാണ് ബ്രഹ്മോസ് കരാർ സ്ഥാപനമായ വർക്ക്ഷോപ്പിലെ കാർപോർച്ചിലേക്ക് പാഞ്ഞ് കയറി നില്‍ക്കുകയായിരുന്നു. വര്‍ക്‍ഷോപിന്റെ ഗേറ്റ് തുറന്ന് അകത്തേക്കു കയറാനൊരുങ്ങുന്നതിനിടെയാണ് വർക്ക്ഷോപ്പ് ജീവനക്കാരൻ അജീഷിനു മതിൽ തകർന്ന ഭാഗങ്ങൾ വീണ് കൈക്കു നിസാരമായ പരുക്കേറ്റത്.
പൊലീസ് ജീപ്പിന്റെ ബ്രേക്ക് പെഡലിനു സമീപം ശുദ്ധജലം നിറച്ച കുപ്പി കിടന്നിരുന്നതാണ് ശരിയായ രീതിയില്‍ ബ്രേക്ക് ചെയ്യാനാന്‍ സാധിക്കാതിരുന്നതാണ് അപകടകാരണമെന്നാണ് സംശയമെന്ന് വിഴിഞ്ഞം പൊലീസ് അറിയിച്ചു. രാവിലെയായതിനാല്‍ വർക്ക്‌ഷോപ്പിൽ ആളുകളില്ലാത്തതും റോഡിൽ കാൽനടയാത്രക്കാരോ മറ്റു വാഹനങ്ങളോ ഇല്ലാത്തതാണ് വൻ ദുരന്തമൊഴിവാക്കാന്‍ കാരണമായത്.