മായം വേണ്ട, കളി മാറും; അരിയില്‍ മായം കലർത്തിയ റൈസ് മില്‍ മന്ത്രി നേരിട്ടെത്തി പൂട്ടിച്ചു

ചൊവ്വ, 10 ജനുവരി 2017 (14:50 IST)
റേഷന്‍ അരിയില്‍ മായം കണ്ടെത്തിയതിനെ തുടര്‍ന്ന് ഭക്‍ഷ്യ വകുപ്പ് മന്ത്രി നേരിട്ടെത്തി പരിശോധന നടത്തുകയും തുടര്‍ന്ന് പൊതുവിതരണത്തിനുള്ള അരിയില്‍ മായം കലര്‍ത്തുന്നത് കണ്ട മന്ത്രി റൈസ് മില്ല് പൂട്ടിക്കുകയും ചെയ്തു. ഭക്‍ഷ്യ മന്ത്രി പി തിലോത്തമനാണ് ഇത്തരമൊരു നടപടിയിലൂടെ ആര്‍പ്പൂക്കരയിലെ റാണി റൈസ് മില്‍ പൂട്ടാന്‍ ഏര്‍പ്പാടാക്കിയത്.
 
മന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കോട്ടയം ജില്ലാ കളക്ടര്‍ ലത മില്ല് പൂട്ടിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് മന്ത്രി മില്ലില്‍ മിന്നല്‍ പരിശോധനയ്ക്കെത്തിയത്. കര്‍ഷകരില്‍ നിന്ന് സംഭരിച്ച നെല്ല് അരിയാക്കി പൊതു വിതരണത്തിന് എത്തിക്കുന്നതിനായിരുന്നു റൈസ് മില്ലിനെ ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഇവിടെ നിന്നെത്തുന്ന അരി ഗുണനിലവാരം കുറവാണെന്ന പരാതി ഉയര്‍ന്നിരുന്നു. 
 
തമിഴ്നാട്ടില്‍ നിന്നുള്ള ഗുണനിലവാരം കുറഞ്ഞ അരി ലോഡ് കണക്കിനു മില്ലില്‍ എത്തിച്ചിരുന്നു. ഇത് രാസവസ്തുക്കള്‍ ഉപയോഗിച്ച് നിറം മാറ്റി നാടന്‍ അരിയില്‍ കലര്‍ത്തിയായിരുന്നു മില്ല് അധികൃതര്‍ മായം കലര്‍ത്തിയത്.  

വെബ്ദുനിയ വായിക്കുക