ഖജനാവ് നിറക്കാന്‍ പൊലീസ് ജനങ്ങളെ ഓടിച്ചിട്ട് പിടിക്കും!

ചൊവ്വ, 23 സെപ്‌റ്റംബര്‍ 2014 (14:01 IST)
കാര്യം ജനമൈത്രി പൊലീസാണെങ്കിലും പ്രവൃത്തിയില്‍ പലപ്പോഴും നമ്മുടെ കേരളാ പൊലീസ് ജനദ്രോഹി പൊലീസാകാറുണ്ട്. പൊലീസിന്റെ മൈത്രീ ഭാവം ഇപ്പോള്‍ കാണാനേയില്ലെന്നാണ് ഇപ്പോള്‍ മനസിലാകുന്നത്. എന്തു ചെയ്യാം കേരളത്തിന്റെ ഖഖജനാവ് ഇപ്പോള്‍ ഏതാണ്ട് കാലിയായ അവസ്ഥയിലാണ്. അത് നിറയ്ക്കാന്‍ വേണ്ടത് ചെയ്യണമെന്ന് ഏമാന്മാര്‍ ഉത്തരവിട്ടാല്‍ പാവം പൊലീസുകാര്‍ക്ക് വല്ല നിവൃത്തിയുമുണ്ടോ.

പണ്ടെങ്ങുമില്ലാവിധം റോഡിലൂടെ വണ്ടിയും കൊണ്ട് പോകുന്നവരെ ഓടിച്ചിട്ട് പിടിച്ച് പിഴ ചുമത്തുന്ന രീതിയാണ് ഇപ്പോള്‍ കേരളാ ജനമൈത്രി പൊലീസ് നടപ്പിലാക്കുന്നത്. ഹെല്‍മറ്റ്, സീറ്റ്ബെല്‍റ്റ് വേട്ടകള്‍ ഇപ്പോള്‍ പറന്നും ഒടിയും ചാടിയും നടത്തിക്കൊണ്ടിരിക്കുന്നു.

ഒട്ടുമിക്ക വാഹനങ്ങളും തടഞ്ഞു നിര്‍ത്തി സമഗ്രമായ പരിശോധന നടത്തി പിഴ ചുമത്തലാണ് പൊലീസിന്റെ നടപടി. സാധാരണ പൊലീസ് ജീപ്പ് മാത്രമാണ് പരിശോധനയ്ക്ക് ഇറങ്ങാറുള്ളത്. പക്ഷെ ഇരുചക്രവാഹനങ്ങളില്‍ ചുറ്റുന്ന പൊലീസുകാരെയും ഇപ്പോള്‍ കാണാന്‍ കഴിയും.

പൊലീസിന്റെ ഈ നടപടിയുടെ ആദ്യത്തേ അപകടമാണ് കഴിഞ്ഞ ദിവസം കായംകുളത്ത് നടന്നത്. പൊലീസ് കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയ ഓട്ടോയില്‍ എസ്ഐ ചാടിക്കയറിയത് ദുരന്തത്തിന് കാരണമായിരുന്നു. ഓടുന്ന ഓട്ടോയില്‍ എസ്ഐ ചാടിക്കയറിയതു കാരണം നിയന്ത്രണം വിട്ട ഓട്ടോ അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ മരിക്കുകയും എസ്ഐ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഗുരുതരമായ പരുക്കേല്‍ക്കുകയും ചെയ്തു.

ചെക്കിങ് സ്പോട്ട് നേരത്തേ പ്രഖ്യാപിക്കണമെന്നും നിര്‍ത്താതെ പോകുന്ന വാഹനങ്ങളെ പിന്തുടര്‍ന്ന് പരിശോധന പാടില്ലെന്നും കോടതി വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് ഇപ്പോഴത്തെ വാഹന പരിശോധന.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക