കല്യാണവീട്ടിലെത്തിയവരും മരണവീട്ടിലെത്തിയവരും തമ്മിലുണ്ടായ രൂക്ഷമായ അടിപിടിയിലും വാക്കേറ്റത്തിലും പതിനാല് പേര്‍ക്ക് പരുക്ക്. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏറ്റുമാനൂരിനു സമീപത്തുള്ള പേരൂരിലാണ് ഇരുവീടികളിലെ ആള്‍ക്കാര്‍ തമ്മിലടിച്ചത്. സംഭവത്തില്‍ നാലുപേരെ പൊലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്.
വിവാഹ ചടങ്ങുകള്‍ക്ക് ശേഷം കല്യാണവീട്ടിലെ ആളുകള്‍ മരണവീടിന് മുന്നിലുള്ള വഴിയിലൂടെ പോകുന്നതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്. മരണവീട്ടിലെത്തിയവരില്‍ ചിലര്‍ വീതികുറഞ്ഞ റോഡില്‍നിന്ന് സംസാരിക്കുകയായിരുന്നു. ഈ സമയം വിവാഹസംഘമെത്തുകയും വാഹനത്തിലുണ്ടായിരുന്ന ഒരു സ്‌ത്രീ വഴിയില്‍ നില്‍ക്കുന്നവരോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. യുവതിയുടെ ആവശ്യം ചെവിക്കൊള്ളാതിരുന്നവര്‍ വാഹനത്തില്‍ ഇരുന്നവരോട് തര്‍ക്കിക്കുകയും തുടര്‍ന്ന് സംഘര്‍ഷമുണ്ടാക്കുകയായിരുന്നു.
ഇരു വിഭാഗം ആളുകളും തടിച്ചു കൂടുകയും മര്‍ദ്ദനം അഴിച്ചുവിടുകയുമായിരുന്നു. യുവതി സഞ്ചരിച്ച കാര്‍ മരണവീട്ടിലെ ആളുകള്‍ നശിപ്പിച്ചതോടെ സംഘര്‍ഷം രൂക്ഷമായി. വടികള്‍ ഉപയോഗിച്ച് മര്‍ദ്ദനം നടത്തുകയുമായിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് എത്തിയെങ്കികും സംഘര്‍ഷം അവസാനിച്ചിരുന്നു.