ഡി വൈ എഫ് ഐ പ്രവർത്തകർ പൊലീസ് സ്റ്റേഷൻ ആക്രമിച്ചു; മൂന്ന് പൊലീസുകാർക്ക് പരുക്ക്

ചൊവ്വ, 18 ഒക്‌ടോബര്‍ 2016 (14:33 IST)
കൊലപാതക ശ്രമത്തില്‍ പിടിയിലായ എസ് എഫ് ഐ നേതാവിനെ മോചിപ്പിക്കാന്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചതില്‍ 3 പൊലീസുകാര്‍ക്ക് പരിക്കേറ്റു. നഗരസഭാ കൌണ്‍സിലറുടെ നേതൃത്വത്തിലുള്ള ഡി വൈ എഫ് ഐ പ്രവര്‍ത്തകരാണു പത്തനംതിട്ട പൊലീസ് സ്റ്റേഷനില്‍ അക്രമം കാണിച്ചത്. 
 
ഞായറാഴ്ച രാത്രി 11 മണിയോടെയാണു സംഭവം നടന്നത്. എം ജി സര്‍വകലാശാല യൂണിയന്‍ ജനറല്‍ സെക്രട്ടറിയും ഡി.വൈ.എഫ്.ഐ കോന്നി ബ്ലോക്ക് സെക്രട്ടറിയുമായ പ്രമാടം ചരുവില്‍ അനീഷ് കുമാറിനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച പൊലീസ് അനീഷിനെ അറസ്റ്റ് ചെയ്തു. വിദ്യാര്‍ത്ഥി സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് അനീഷിനെതിരെ വധശ്രമത്തിനു കേസുള്ളത്. 
 
ഇതിനെ തുടര്‍ന്ന് അനീഷിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ കൌണ്‍സിലര്‍ ജോണ്‍സന്‍റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണു പൊലീസ് സ്റ്റേഷനില്‍ അക്രമം കാണിച്ചത്. പ്രിന്‍സിപ്പല്‍ എസ്.ഐ പുഷ്പകുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുരേഷ്, വനിതാ പൊലീസ് ഓഫീസര്‍ അനി തോമസ് എന്നിവരാണു പരിക്കേറ്റ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. 
 
പൊലീസ് സ്റ്റേഷന്‍ ആക്രമണവുമായി ബന്ധപ്പെട്ട് കൌണ്‍സിലര്‍ ജോണ്‍സണ്‍, എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം അന്‍സില്‍ അഹമ്മദ് എന്നിവര്‍ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെയാണു പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആകമണത്തില്‍ ഓഫീസ് ജന്നല്‍, ക്യാമറ എന്നിവയും തകര്‍ന്നിട്ടുണ്ട്. 
 

വെബ്ദുനിയ വായിക്കുക