പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറിന് മര്‍ദ്ദിച്ച സംഭവത്തില്‍ എഡിജിപി സുദേഷ് കുമാറിന്റെ മകളുടെ വാദം അടിസ്ഥാരഹിതമാണെന്ന് വ്യക്തമാകുന്നു. ഗവാസ്‌കറിന് മര്‍ദ്ദനമേല്‍ക്കുമ്പോള്‍ യുവതി സംഭവസ്ഥലത്തുണ്ടായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ വ്യക്തമാക്കി.
ഫോണ്‍ രേഖകളില്‍ നിന്നും എഡിജിപിയുടെ മകള്‍ സംഭവം നടന്ന സ്ഥലത്ത് ഉണ്ടായിരുന്നുവെന്ന് വ്യക്തമായി. ഇക്കാര്യത്തില്‍ ശാസ്‌ത്രീയ തെളിവുകളുണ്ടെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.
അതിനിടെ, ഗവാസ്‌കറെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് കോടതി ഒരു മാസത്തേക്ക് കൂടി നീട്ടി. എഡിജിപിയുടെ മകള്‍ തനിക്കെതിരെ നല്‍കിയ പരാതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗവാസ്‌കര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് കോടതി ജൂലായ് 17ലേക്ക് മാറ്റി.
തിരുവനന്തപുരം കനക്കകുന്നില്‍ വച്ചാണ് എഡിജിപിയുടെ മകള്‍ ഡ്രൈവറായ ഗവാസ്‌കറെ മര്‍ദ്ദിച്ചത്. എഡിജിപിയുടെ ഭാര്യയേയും മകളേയും പ്രഭാതനടത്തതിനായി ഗവാസ്‌കര്‍ ഔദ്യോഗിക വാഹനത്തില്‍ കനകകുന്നില്‍ എത്തിച്ചപ്പോള്‍ ആയിരുന്നു സംഭവം.
തന്നെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തപ്പോള്‍ എഡിജിപിയുടെ മകള്‍ ആക്രമിച്ചുവെന്നാണ് ഗവാസ്‌കറിന്റെ പരാതി. മര്‍ദ്ദനത്തെ തുടര്‍ന്ന് ഇയാള്‍ പേരൂര്‍ക്കട താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. മര്‍ദ്ദനത്തില്‍ അദ്ദേഹത്തിന്റെ കഴുത്തിലെ കശേരുക്കള്‍ക്ക് പരിക്കേറ്റുവെന്ന് വ്യക്തമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.