മോഷണക്കേസില്‍ പ്രതിയായ യുവാവിനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുമായി നടന്ന പിടിവലിയില്‍ യുവാവിന്‍റെ അമ്മൂമ്മ മരിച്ചു. കേരള അതിര്‍ത്തിക്കടുത്തുള്ള പുതുക്കടയ്ക്കടുത്ത് മുഞ്ചിറയിലെ നേശമ്മാള്‍ എന്ന 73 കാരിയാണു ഇത്തരത്തില്‍ മരിച്ചത്.
ഇവരുടെ ചെറുമകനായ അജിന്‍ (23) എന്ന കെട്ടിട നിര്‍മ്മാണ തൊഴിലാളി നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ്. കഴിഞ്ഞ ദിവസം രാവിലെ പുതുക്കട പൊലീസ് വീട്ടിലെത്തി അജിനെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ അമ്മൂമ്മ ഉള്‍പ്പെടെയുള്ള വീട്ടുകാര്‍ പൊലീസിനെ തടയുകയും ചെയ്തു.
ഇതിനിടെ നടന്ന ഉന്തിലും തള്ളിലും അമ്മൂമ്മ ബോധരഹിതയവുകയും തുടര്‍ന്ന് കുഴിത്തുറ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസ് വൃദ്ധയെ മര്‍ദ്ദിച്ചതാണു മരണ കാരണമെന്ന് ഇവരുടെ മകള്‍ കന്നിമറിയാള്‍ ആരോപിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.