കളമശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തില്‍ വിദ്വേഷ പ്രചരണം നടത്തിയ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്തു. കളമശേരി സ്‌ഫോടനം സംബന്ധിച്ചു ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് കേസ്. സൈബര്‍ സെല്‍ എസ്.ഐയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സമൂഹമാധ്യമങ്ങളിലൂടെ മതസ്പര്‍ധ ഉണ്ടാക്കാന്‍ ശ്രമിച്ചെന്നാണ് എഫ്‌ഐആര്‍.
കളമശേരി സ്‌ഫോടനത്തെ ഇസ്രയേല്‍-ഹമാസ് യുദ്ധവുമായി ബന്ധപ്പെടുത്തിയാണ് രാജീവ് ചന്ദ്രശേഖര്‍ അഭിപ്രായം പങ്കുവെച്ചത്. തീവ്ര ഗ്രൂപ്പുകളോടു മുഖ്യമന്ത്രി മൃദു സമീപനം പുലര്‍ത്തുകയാണെന്നും കോണ്‍ഗ്രസും അതിനു കൂട്ടു നില്‍ക്കുകയാണെന്നും രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി. കൊച്ചിയില്‍ ബോംബു പൊട്ടിയപ്പോള്‍ പിണറായി വിജയന്‍ ഡല്‍ഹിയില്‍ രാഷ്ട്രീയം കളിക്കുകയായിരുന്നു. സമാധാനം നിലനിര്‍ത്താന്‍ കഴിയില്ലെങ്കില്‍ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞിരുന്നു.
അതേസമയം രാജീവ് ചന്ദ്രശേഖറെ കൊടുവിഷം എന്നാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വിളിച്ചത്.