ആനവണ്ടിയില്‍ പാലക്കാട് കാണാം ! ബജറ്റ് ടൂറിസം സര്‍വീസുകള്‍ക്കുള്ള ബുക്കിംഗ് പുനരാരംഭിച്ച് കെഎസ്ആര്‍ടിസി

കെ ആര്‍ അനൂപ്

ചൊവ്വ, 31 ഒക്‌ടോബര്‍ 2023 (09:15 IST)
നിങ്ങള്‍ പാലക്കാട് താമസിക്കുന്നവരാണോ ? അല്ലെങ്കില്‍ പാലക്കാട് കാണാന്‍ ആഗ്രഹിക്കുന്നവരാണോ ? പാലക്കാടുള്ള കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം വഴി പാലക്കാടിന് കാണാം ആവോളം ആസ്വദിക്കാം. വീട്ടുകാര്‍ക്കൊപ്പം നെല്ലിയാമ്പതിയും സൈലന്റ് വാലിയും ഒക്കെ പോയി കാണാം. കുറച്ചുനാളുകളായി ബജറ്റ് ടൂറിസത്തിന്റെ പ്രവര്‍ത്തനം നിലച്ചിട്ട്. ഇപ്പോഴിതാ ചൊവ്വാഴ്ചയോടുകൂടി ബജറ്റ് ടൂറിസം സര്‍വീസുകള്‍ക്കുള്ള ബുക്കിംഗ് പുനരാരംഭിക്കുകയാണ്. നവംബര്‍ അഞ്ചു മുതല്‍ യാത്രകള്‍ തുടങ്ങും.
 
ആദ്യ യാത്ര നെല്ലിയാമ്പതിക്ക് ആണ്. നവംബര്‍ അഞ്ചിന് രാവിലെ ഏഴുമണിക്ക് യാത്ര ആരംഭിക്കും. പാലക്കാട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന് ആരംഭിക്കുന്ന യാത്രയ്ക്ക് ഒരാള്‍ക്ക് 480 രൂപയാണ് യാത്രാക്കൂലി.
 
നവംബര്‍ 5, 12, 19, 26 എന്നീ തീയതികളിലായി നെല്ലിയാമ്പതിക്ക് യാത്രയുണ്ട്. രാവിലെ 7 മണിക്ക് പാലക്കാട് നിന്ന് യാത്ര ആരംഭിക്കും. നവംബര്‍ 8, 18 തീയതികളിലായി സൈലന്റ് വാലിക്കാണ് യാത്ര. ആറുമണിക്ക് പാലക്കാട് നിന്ന് പുറപ്പെടും. 1250 രൂപയാണ് യാത്ര നിരക്ക്. അന്വേഷണങ്ങള്‍ക്കും ബുക്കിങ്ങിനുമായി 7012988534,9995090216 നമ്പറുകളില്‍ ബന്ധപ്പെടാം. 
 
2021 നവംബറിലാണ് പാലക്കാട് കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം എന്ന പദ്ധതി ആരംഭിച്ചത്. 459 യാത്രകള്‍ നടത്താനായ കെഎസ്ആര്‍ടിസിക്ക് 2.30 കോടി രൂപ വരുമാനം ലഭിച്ചു. അതിനിടയ്ക്ക് ജീവനക്കാരന്‍ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് ആരോപണം ഉയര്‍ന്നു. പദ്ധതിയുടെ യാത്രകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഇതോടെ 12 ലക്ഷത്തോളം രൂപ ഒന്നര മാസത്തിനിടെ കെഎസ്ആര്‍ടിസിക്ക് നഷ്ടം വന്നു. യാത്രക്കാരുടെ ആവശ്യം കണക്കിലെടുത്താണ് വീണ്ടും പദ്ധതി പുനരാരംഭിച്ചിരിക്കുന്നത്.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍