ദളിത് യുവതികളുടെ അറസ്‌റ്റ് നടപടി ക്രമങ്ങൾ പാലിച്ച്; വീഴ്‌ചയുണ്ടായിട്ടില്ലെന്ന് എസ്‌പിയുടെ റിപ്പോര്‍ട്ട്

ഞായര്‍, 19 ജൂണ്‍ 2016 (17:29 IST)
ഓഫിസിനകത്തു കയറി സിപിഎം പ്രവർത്തകരെ മർദ്ദിച്ചെന്ന കേസിൽ ദളിത് സഹോദരിമാരെ അറസ്‌റ്റു ചെയ്ത സംഭവത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന് പൊലീസ്. അറസ്റ്റുമായി ബന്ധപ്പെട്ട് പൊലീസ് നടപടികളില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കാണിച്ച് കണ്ണൂർ എസ്പി സഞ്ജയ് കുമാർ ഗുരുദിൻ ഡിജിപിക്ക് റിപ്പോർട്ട് നൽകി.

യുവതികളുടെ അറസ്റ്റ് നടപടിക്രമങ്ങൾ പാലിച്ചാണ്. ആശുപത്രിയില്‍ കഴിയുന്ന യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും. യുവതികളോട് യാതൊരു തരത്തിലും പൊലീസ് അപമര്യാദയായി പെരുമാറിയിട്ടില്ല. വനിതാ പൊലീസിന്‍റെ സാന്നിദ്ധ്യത്തിലായിരുന്നു യുവതികളെ കസ്‌റ്റഡിയിൽ എടുത്തത്. യുവതികളെ പിന്നീട് കോടതിയിൽ ഹാജരാക്കിയതായും റിപ്പോർട്ടിൽ എസ്‌പി വ്യക്തമക്കി.

പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനാലാണ് യുവതികളെ അറസ്‌റ്റു ചെയ്‌തത്. ഇക്കാര്യത്തിൽ നിയമാനുസൃതമായാണ് പൊലീസ് പ്രവർത്തിച്ചത്. പൊലീസിന്റെ ഭാഗത്തു നിന്നും യാതൊരു വീഴ്‌ചയും സംഭവിച്ചിട്ടില്ലെന്നും എസ്പി സഞ്ജയ് കുമാർ ഗുരുദിൻ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക