പ്ലസ് വണ്‍ സീറ്റ് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമായി; 20% സീറ്റ് കൂടും

Webdunia
വെള്ളി, 3 ജൂലൈ 2015 (08:57 IST)
പ്ലസ് വണ്‍ സീറ്റ് വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഓരോ ബാച്ചിനും 10 സീറ്റുവീതം വര്‍ധിപ്പിക്കാനാണു തീരുമാനം. സര്‍ക്കാര്‍ ‍- എയ്ഡഡ് സ്കൂളുകളില്‍ മാത്രമാണു വര്‍ധന. ഇതിന് ഓണ്‍ലൈന്‍ രീതിയില്‍ അപേക്ഷ ക്ഷണിക്കും. വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

അപേക്ഷിക്കുന്ന സ്കൂളുകളുടെ ആവശ്യകതയും അടിസ്ഥാന സൗകര്യവും പരിഗണിച്ചാകും വര്‍ധന അനുവദിക്കുക. അണ്‍ എയ്ഡഡ് സ്കൂളുകളില്‍ സീറ്റ് വര്‍ധനയുടെ കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കും. സീറ്റ് വര്‍ധനയോടെ ബാച്ചില്‍ 50 വിദ്യാര്‍ഥി എന്നത് 60 ആകും. അപേക്ഷാ നടപടികളുടെ ഷെഡ്യൂള്‍ ഉടന്‍ പ്രസിദ്ധീകരിക്കും.

സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ 2824ഉം എയ്ഡഡ് മേഖലയില്‍ 3287ഉം ബാച്ചുകളാണ് നിലവിലുള്ളത്. വര്‍ധന നടപ്പാക്കിയാല്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ 28240ഉം എയ്ഡഡില്‍ 32870 സീറ്റുകള്‍ ചേര്‍ത്ത് ആകെ 61110 സീറ്റുകള്‍ വര്‍ധിക്കും. നിലവിലെ ഹയര്‍ സെക്കന്‍ഡറി ബാച്ചുകളില്‍ 20 ശതമാനം ആനുപാതിക സീറ്റുകളാണ് വര്‍ദ്ധിക്കുന്നത്.