പാഠപുസ്‌തക അച്ചടി ജൂലൈ ഇരുപതിനേ തീരുവെന്ന് വിദ്യാഭ്യാസമന്ത്രി പികെ അബ്ദു റബ്ബ്. ആകെ ആവശ്യമുള്ള മൂന്നരകോടി പാഠപുസ്തകങ്ങളില്‍ 43 ലക്ഷത്തിന്റെ അച്ചടിയാണ് വൈകിയത്. അതില്‍ 13 ലക്ഷം അച്ചടിച്ചുകഴിഞ്ഞു. ബാക്കിയുള്ള 30 ലക്ഷത്തിന്റെ അച്ചടി ജൂലായ് 20-നകം പൂര്‍ത്തിയാക്കുമെന്നാണ് അദ്ദേഹം നിയമസഭയില്‍ പറഞ്ഞത്.
വിദ്യാലയങ്ങളിലെ പാഠപുസ്തക വിതരണം താമസിക്കുന്നതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് അനുമതി തേടിയിരുന്നു. മാത്യു.ടി.തോമസ് എം.എല്‍.എയാണ് പ്രതിപക്ഷത്തിന് വേണ്ടി സംസാരിച്ചത്. അതിനുമറുപടിയായിട്ടാണ് വിദ്യാഭ്യാസമന്ത്രി ഇക്കാര്യം നിയമസഭയില്‍ അറിയിച്ചത്. 3 ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടി ഇതുവരെ പൂർത്തിയായെന്നും അദ്ദേഹം പറഞ്ഞു.
പാഠപുസ്‌തക വിതരണത്തിലെ വീഴ്‌ചകള്‍ ഉണ്ടായെങ്കിലും ഓണപ്പരീക്ഷ നീട്ടി വെക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. സ്കൂളുകളിൽ പാഠപുസ്തകവിതരണം വൈകുന്നതിനെ തുടർന്ന് ഓണപ്പരീക്ഷ നീട്ടിവയ്ക്കുന്നത് സംബന്ധിച്ച് ഇന്നലെ ചേർന്ന ക്യുഐപി യോഗത്തിൽ ചർച്ച നടത്തിയിരുന്നു.