നാടുകാണിയില്‍ ഭൂമി കൈയേറിയതിന് തെളിവില്ല; മന്ത്രി പിജെ ജോസഫിനും കൂട്ടാളികള്‍ക്കും എതിരെയുള്ള അന്വേഷണം വിജിലന്‍സ് അവസാനിപ്പിച്ചു

Webdunia
ശനി, 16 ജനുവരി 2016 (17:23 IST)
തെളിവില്ലാത്തതിനെ തുടര്‍ന്ന് ആദിവാസി ഭൂമി സ്വന്തമാക്കിയെന്ന കേസില്‍ മന്ത്രി പി ജെ ജോസഫിനും കെ ഇ ഇസ്‌മായില്‍ എം പിക്കും എതിരെയുള്ള കേസില്‍ അന്വേഷണം അവസാനിപ്പിക്കണമെന്ന് വിജിലന്‍സ് ആവശ്യപ്പെട്ടു. കേസില്‍ തെളിവില്ലെന്ന് കാണിച്ച് കോട്ടയം വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച അന്വേഷണസംഘം അന്വേഷണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
 
ഇടുക്കി മൂലമറ്റത്തെ ആദിവാസി ഭൂമി കൈവശം വെച്ചതും നാടുകാണിയിലെ വനം കൈയേറ്റവുമായി ബന്ധപ്പെട്ടതുമായ കേസുകള്‍ അവസാനിപ്പിക്കാനാണ് വിജിലന്‍സ് ഒരുങ്ങുന്നത്. ഒമ്പത് വര്‍ഷത്തെ അന്വേഷണത്തിനു ശേഷമാണ് തെളിവൊന്നും ലഭിക്കാത്തതിനാല്‍ കേസ് അവസാനിപ്പിക്കാന്‍ വിജിലന്‍സ് ഒരുങ്ങുന്നത്.
 
ആദിവാസി സെറ്റില്‍മെന്റ് ഭൂമി പണം കൊടുത്ത് വാങ്ങാനോ കൈമാറ്റം ചെയ്യാനോ പാടില്ലെന്ന നിയമം നിലനില്‍ക്കേ മൂലമറ്റത്ത് ഒന്നര ഏക്കര്‍ ആദിവാസി ഭൂമി പണം കൊടുത്ത് വാങ്ങി കൈവശം വെച്ചതിന്റെ പേരിലായിരുന്നു വിജിലന്‍സ് അന്വേഷണം.