പ്രേമം സിനിമയുടെ സെന്‍സര്‍കോപ്പി പുറത്തായതോടെ പൈറസി വീണ്ടും വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സിനിമകള്‍ ചോരുന്നത് തടയാന്‍ പുതിയ പദ്ധതിയുമായി പോലീസ് രംഗത്തെത്തിയിരിക്കുന്നത്. ഇതിനായി ഒരു പൈറസി പ്രിവന്‍ഷന്‍ സെല്‍ രൂപീകരിച്ചു. തീയറ്ററുകളിലോടുന്ന പുതിയ സിനിമകള്‍ ചോരാതിരിക്കാനുള്ള നടപടികളാണ് ഈ സെല്‍ സ്വീകരിക്കുക.ഇതിന്റെ ഭാഗമായി സിനിമകള്‍ക്ക് രഹസ്യ കോഡ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. സിനിമയുടെ സെന്‍സര്‍ ബോഡിലേക്ക് അയക്കുന്നതിന് മുമ്പ് പൈറസി പ്രിവന്‍ഷന്‍ സെല്ലിനെ സമീപിച്ചാല്‍ അവിടെനിന്ന് ഒരു പ്രത്യേക കോഡ് വെച്ച് സിനിമയുടെ പ്രിന്റ് ലോക്ക് ചെയ്യുകയും അത് നിര്‍മ്മാതാവിന് ലഭിക്കുകയും ചെയ്യും.
ഈ കോഡ് വെച്ച് മാത്രമെ സിനിമ സെന്‍സര്‍ ബോഡ് അധികൃതര്‍ക്ക് കാണാന്‍ സാധിക്കൂ. തീയറ്ററുകളിലേക്ക് അയക്കുമ്പോഴും ഈ കോഡ് സംവിധാനം പ്രാവര്‍ത്തികമാക്കാം. കൂടാതെ തീയറ്ററുകളില്‍ വെച്ച് ആരെങ്കിലും സിനിമ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിക്കുകയാണെങ്കില്‍ അത് പ്രത്യേക സെന്‍സര്‍ സംവിധാനം വഴി കണ്ടെത്താനുള്ള സാങ്കേതിക വിദ്യയും പൈറസി സെല്‍ ഒരുക്കുന്നുണ്ട്.സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാനുള്ള സൈബര്‍ ഡോമിന്റെ ഭാഗമായാണ് പൈറസി പ്രിവന്‍ഷന്‍ സെല്‍ ആരംഭിക്കുന്നത്. ഡിസംബറിലായിരിക്കും സൈബര്‍ ഡോമിന്റെ ഉദ്ഘാടനം നടക്കുക. ഇതോടൊപ്പം പൈറസി പ്രിവന്‍ഷന്‍ സെല്ലിന്റെ പ്രവര്‍ത്തനങ്ങളും ആരംഭിക്കും. തിരുവനന്തപുരം ടെക്‌നോ പാര്‍ക്കിലാണ് സൈബര്‍ ഡോം ആരംഭിക്കുക.