അന്നൊരു തിങ്കളാഴ്ചയായിരുന്നു. ജപ്പാനെ കറുത്ത ദിനമായി മാറ്റിയ ദിവസം. ലോകം മുഴുവൻ ഭയന്ന ദിവസം. കൃതമായി പറഞ്ഞാൽ 1945 ഓഗസ്റ്റ് ആറിന് രാവിലെ 8.15. ഹിരോഷിമയില്‍ അമേരിക്ക അണുബോംബ് വര്‍ഷിച്ചത്. ലോകത്ത് ആദ്യമായി അണുബോംബ് വര്‍ഷിച്ച ദിനമാണിന്ന്. രണ്ടാം ലോക മഹായുദ്ധത്തിന്റെ നാന്ദി കുറിച്ച് അമേരിക്ക ജപ്പാനിലെ ഹിരോഷിമയില്‍ ലിറ്റില്‍ ബോയ് എന്ന അണുബോംബ് വര്‍ഷിച്ച സംഭവം ഇന്നും ലോകം ഞെട്ടലോടെ ഓര്‍മ്മിക്കുന്നു. ഈ ഓർമയിൽ പങ്കു ചേർന്നിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനും.
പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്:
സാധാരണക്കാരിൽ സാധാരണക്കാരായ പതിനായിരക്കണക്കിന് മനുഷ്യർ നിസഹായരായി മരണത്തിന് കീഴടങ്ങിയതിന്റെ 71-ആം വാർഷികമാണ് ഇന്ന്. ഹിരോഷിമയിൽ 'ലിറ്റിൽ ബോയ്' എന്ന് നാമകരണം ചെയ്യപ്പെട്ട ആണവായുധം അമേരിക്ക പ്രയോഗിച്ചതിന്റെ ഫലമായി ഒന്നര ലക്ഷത്തിനടുത്ത് മനുഷ്യരാണ് നരകിച്ച് മരിച്ചത്. ഹിരോഷിമയിലെയും നാഗസാക്കിയിലെയും ആണവായുധപ്രയോഗത്തിന്റെ ഫലമായുണ്ടായ മാരകവികിരണങ്ങൾ തുടർന്നുള്ള തലമുറകളെയും വെറുതെ വിട്ടില്ല. വിവിധ വൈകല്യങ്ങളോടെയാണ് കുട്ടികൾ ജനിച്ചു വീണത്.
ശാസ്ത്രസിദ്ധാന്തങ്ങൾ മനുഷ്യസമൂഹത്തിന്റെ പുരോഗതിക്ക് ഉതകുന്ന വിധത്തിലാണ് പ്രയോഗത്തിൽ വരുത്തേണ്ടത്. ആവിയന്ത്രം, വാക്സിനുകൾ, ആന്റിബയോട്ടിക്കുകൾ, റ്റെലഫോണ്‍, ഇന്റർനെറ്റ് തുടങ്ങിയ ശാസ്ത്രസംഭാവനകൾ മനുഷ്യജീവിതത്തെ സുഗമമാക്കുകയും മനുഷ്യരാശിയുടെ നിലനില്പിനെ സഹായിക്കുകയുമാണുണ്ടായത്. എന്നാൽ രാസ-ജൈവ-ആണവായുധങ്ങൾ, അന്തകവിത്ത് തുടങ്ങിയവയാകട്ടെ, ലാഭേച്ഛയാൽ വികസിതമാകുന്ന ശാസ്ത്രപ്രയോഗങ്ങളാണെന്നത് കൊണ്ടുതന്നെ പ്രകൃതിക്കും, മനുഷ്യരാശിയുടെ നിലനില്പിനും ഭീഷണി ഉയർത്തുന്നു.
ഹിരോഷിമയും നാഗസാക്കിയും നമുക്ക് നൽകുന്നത് വലിയൊരു പാഠമാണ്. ആണവായുധങ്ങൾക്കെതിരെ മാത്രമല്ല ജനങ്ങൾ ഒരുമിക്കേണ്ടത്. ശാസ്ത്രത്തിന്റെ ദുരുദ്ദേശപരമായ പ്രയോഗങ്ങളെയും എതിർത്തു തോല്പിക്കേണ്ടതുണ്ട്. അധികാര-ധന ലാഭേച്ഛകളായിരിക്കരുത് ശാസ്ത്രത്തിനെ മുന്നോട്ട് നയിക്കേണ്ട ചാലകശക്തി.
കാലാവസ്ഥാ വ്യതിയാനം പോലെ മനുഷ്യരാശി നേരിടുന്ന ഭീഷണികൾക്ക് നേരെയുള്ള ചെറുത്തുനില്പ് ശക്തിപ്പെടുത്തുവാൻ വേണ്ടിയാണ് ശാസ്ത്രം പ്രയോഗിക്കേണ്ടത്. സമ്പൂർണ ആണവ നിരായുധീകരണം ലോകസമാധാനത്തിന് അനിവാര്യമാണ്. ഇനിയൊരു ഹിരോഷിമയോ നാഗസാക്കിയോ ആവർത്തിക്കുവാൻ നാം അനുവദിക്കരുത്. ശാസ്ത്രം സമാധാനത്തിന് വേണ്ടി നിലകൊള്ളട്ടെ.