സ്ഥാനം ഒഴിയണമെന്ന ജേക്കബ് തോമസിന്റെ ആവശ്യം സ്വീകരിച്ചേക്കില്ല, തങ്ങൾക്ക് മുന്നിൽ അങ്ങനൊരു പ്രശ്നമില്ലെന്ന് മുഖ്യമന്ത്രി; ഡയറക്ടര്‍ സ്ഥാനത്ത് തുടരാന്‍ പിണറായി വിജയൻ നേരിട്ട് ആവശ്യപ്പെട്ടേക്കും
വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്നും നീക്കണമെന്ന ജേക്കബ് തോമസിന്റെ കത്തിൽ സർക്കാർ ഇന്ന് തീരുമാനമെടുക്കും. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് തുടരണമെന്ന് ജേക്കബ് തോമസിനോട് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന. ജേക്കബ് തോമസിനെ അനുനയിപ്പിച്ച് കൂടെ നിർത്താനുള്ള ശ്രമത്തിലാണ് സി പി എം.
ഇപ്പോള്‍ ഞങ്ങള്‍ക്ക് മുന്നില്‍ അങ്ങനെയൊരു വിഷയമില്ല. തീരുമാനമാകുമ്പോള്‍ നിങ്ങളെ അറിയിക്കാം എന്നായിരുന്നു മന്ത്രിസഭായോഗം കഴിഞ്ഞ് മടങ്ങുമ്പോള്‍ മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. സ്ഥാനമൊഴിയാനുള്ള ജേക്കബ് തോമസിന്റെ കത്ത് സ്വീകരിക്കില്ലെന്നതിന്റെ സൂചനയായാണ് ഇത് വിലയിരുത്തുന്നത്.
വിജിലന്‍സ് മേധാവിയെ മാറ്റേണ്ട സാഹചര്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഇന്നലെ അറിയിച്ചിരുന്നു. അവൈലബിള്‍ സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.സി പി എം അദ്ദേഹത്തിന് പിന്തുണ നല്‍കുകയും ചെയ്‌തോടെ ജേക്കബ് തോമസിനെ തത്സ്ഥാനത്തു നിന്നും നീക്കേണ്ടെന്ന തീരുമാനം അണിയറയില്‍ ഉണ്ടാകാൻ കാരണമെന്നാണ് സൂചന.