കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കടമ നിറവേറ്റിയത് സിപിഎം: പിണറായി
ഞായര്‍, 7 ഡിസംബര്‍ 2014 (13:59 IST)
സിപിഐ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വീണ്ടും രംഗത്ത്. ചെയ്യേണ്ട കാര്യങ്ങൾ അതാതു സമയത്ത് ചെയ്യാൻ കഴിയുമ്പോഴാണ് യഥാർത്ഥ കമ്മ്യൂണിസ്റ്റാവുന്നതെന്നും. സിപിഎം ഇല്ലായിരുന്നുവെങ്കില്‍ ഇടതുപ്രസ്ഥാനങ്ങള്‍ ജീർണതയിലേക്ക് പോവുമായിരുന്നുവെന്നും പിണറായി പറഞ്ഞു.
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കടമ നിറവേറ്റിയത് സിപിഎമ്മാണ്. കമ്യൂണിസ്റ്റ് എന്ന പേരുണ്ടായിട്ടു കാര്യമില്ല, ചെയ്യേണ്ടതു ചെയ്യാന്‍ കഴിയണം. പ്രവൃത്തിയിലും സ്വഭാവത്തിലും അത് വേണമെന്നും പിണറായി വ്യക്തമാക്കി. സിപിഎം രൂപീകരിക്കപ്പെട്ടില്ലായിരുന്നു എങ്കിൽ കമ്മ്യൂണിസം ജീർണതയിലേക്ക് പോവുമായിരുന്നു. ഇതിലൂടെ വലിയൊരു തകർച്ചയാണ് സിപിഎം ഒഴിവാക്കിയതെന്നും അദ്ദേഹം പറഞ്ഞു. അധികാരവാഴ്ചയെ ശക്തമായി നേരിട്ടത് സിപിഎമ്മാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒന്നിക്കേണ്ടതു രാജ്യത്തിന്റെ പുരോഗതിക്ക് ആവശ്യമാണെന്നും. എല്‍ഡിഎഫില്‍ എല്ലാ പാര്‍ട്ടികള്‍ക്കും തുല്യപ്രാധാന്യമാണുള്ളതെന്നും സിപിഐ പറയുന്നതു സിപിഎം കേള്‍ക്കേണ്ടി വരുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ ഇന്നലെ പറഞ്ഞിരുന്നു. ഇതിനുള്ള ഉത്തരമായിട്ടാണ് പിണറായി വിജയന്‍ വീണ്ടും രംഗത്ത് എത്തിയത്.