വിവാദങ്ങള്‍ സര്‍ക്കാരിനെ ദോഷകരമായി ബാധിച്ചു, പൊലീസ് ജനാധിപത്യ ബോധത്തോടെ പ്രവർത്തിക്കണം; പൊലീസിന് താക്കീതുമായി മുഖ്യമന്ത്രി
പൊലീസ് ജനാധിപത്യ ബോധത്തോടെ പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സേനയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സര്‍ക്കാരിനെ ദോഷകരമായി ബാധിച്ചു. ജനങ്ങളുടെ സേവനങ്ങൾക്കായിരിക്കണം പൊലീസ് മുൻഗണന നൽകേണ്ടതെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
ഗൗരവമുള്ള കേസുകളുടെ അന്വേഷണത്തിന് എസ്‌പിമാർ മേൽനോട്ടം വഹിക്കണം. ഉയര്‍ന്ന ജനാധിപത്യ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന കേരളത്തില്‍ പൊലീസ് അതിനൊത്ത് മാത്രമെ പ്രവര്‍ത്തിക്കാവൂ. ചട്ടങ്ങള്‍ പാലിച്ചു വേണം പൊലീസ് പ്രവര്‍ത്തിക്കാനെന്നും പൊലീസ് ആസ്ഥാനത്ത് നടന്ന യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
പൊലീസുകാരേയും ക്യാമ്പ് ഫോളോവർമാരേയും ഒപ്പം നിറുത്തണം. എന്നാൽ, ഇതെല്ലാം ചട്ടങ്ങൾ പാലിച്ചു കൊണ്ട് മാത്രമായിരിക്കണം നടപടികളെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തെറ്റായി പ്രവര്‍ത്തിക്കുന്ന പൊലീസുകാരെ സംരക്ഷിക്കില്ലെന്ന സൂചനയും മുഖ്യമന്ത്രി നല്‍കി. പൊലീസിലെ ദാസ്യപ്പണി വിവാദം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ പശ്ചാത്തലത്തിലാണ് പൊലീസിന് ശകാരവും മുന്നറിയിപ്പുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്.