വിദേശയാത്ര കൊണ്ട് എന്ത് നേട്ടമെന്ന് വിശദീകരിച്ച് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 16 സെപ്‌റ്റംബര്‍ 2022 (19:42 IST)
വിദേശയാത്ര കൊണ്ട് എന്ത് നേട്ടമെന്ന് വിശദീകരിച്ച് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി. മുഖ്യമന്ത്രി പറഞ്ഞതിലെ പ്രസക്തഭാഗം-
 
വിദേശ യാത്രയ്‌ക്കെതിരെ മുമ്പും വിവാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിന്റെ ഉദ്ദേശ്യം വേറെയാണ്. എന്നാല്‍ വസ്തുത മനസിലാക്കിയാല്‍ ഇത്തരം യാത്രകള്‍ കൊണ്ട് ഉണ്ടായ നേട്ടങ്ങള്‍ മനസിലാക്കാനാകും. 1990 ല്‍ അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാരും വ്യവസായ മന്ത്രി കെ ആര്‍ ഗൗരിയമ്മയും അമേരിക്കയിലെ ഐടി ഹബ്ബ്  ആയ സിലിക്കണ്‍ വാലിയും സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയും സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കേരളത്തില്‍ ഒരു ടെക്‌നോപാര്‍ക്ക് എന്ന ആശയം രൂപപ്പെട്ടതും, രാജ്യത്തെ തന്നെ ആദ്യ ഐടി പാര്‍ക്കായി അത് മാറിയതും.
 
വിദേശ രാജ്യങ്ങളിലെ വികസന മാതൃകകള്‍  സംസ്ഥാനത്തിന്റെ സമഗ്രമായ വികസനത്തിന് ഉതകുന്ന രീതിയില്‍ പകര്‍ത്തിയെടുക്കാന്‍ നമുക്കാകണം. വിദേശ യാത്രകളുടെ ലക്ഷ്യമതാണ്. അതിന് ഉദാഹരണമാണ് ഡച്ച് മാതൃകയിലുള്ള 'റൂം ഫോര്‍ റിവര്‍' പദ്ധതി. സംസ്ഥാനത്തുണ്ടായ മഹാപ്രളയത്തിനു ശേഷം പ്രകൃതി ദുരന്തങ്ങളെ തടയാനും പ്രതിരോധിക്കാനും വേണ്ടിയുള്ള ഈ പദ്ധതി നമ്മള്‍ നടപ്പിലാക്കി. എന്നാല്‍ അതിനെ പരിഹസിക്കാനായിരുന്നു പലരുടെയും നിങ്ങളുടെയും ശ്രമം. 
 
2019 ല്‍  നെതര്‍ലാന്റ്‌സ് സന്ദര്‍ശിച്ചാണ് വെള്ളപ്പൊക്കത്തെ മറികടക്കാനുള്ള ഈ ഡച്ച് മാതൃക വിലയിരുത്തിയത്. 2018 ലെ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കുട്ടനാട് ഉള്‍പ്പെടെ സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങളില്‍ റൂം ഫോര്‍ റിവര്‍ പദ്ധതി നടപ്പാക്കാനാകുമോ എന്നായിരുന്നു അന്ന് പരിശോധിച്ചത്.
 
നെതര്‍ലാന്റ്‌സ് കേരളം പോലെ മഴക്കെടുതികളും വെള്ളപ്പൊക്ക ഭീഷണിയും അനുഭവിക്കുന്ന പ്രദേശമാണ്. കുട്ടനാടുപോലെ സമുദ്രനിരപ്പിനോട് താഴ്ന്നു കിടക്കുന്ന നിരവധി പ്രദേശങ്ങള്‍ ഇവിടെയുണ്ട്. 1993 ലും 1995 ലും കടുത്ത മഴ മൂലം നെതര്‍ലാന്റ്‌സില്‍ പ്രളയമുണ്ടായിരുന്നു. കനത്ത നാശനഷ്ടമായിരുന്നു പ്രളയം അവിടെ ഉണ്ടാക്കിയത്. തൊണ്ണൂറുകളിലെ ആ കെടുതികളാണ് ആണ് 'റൂം ഫോര്‍ റിവര്‍' എന്ന ഒരു വിപുലമായ പ്രളയപ്രതിരോധ പദ്ധതിയിലേക്ക് രാജ്യത്തെ എത്തിക്കുന്നത്. 1995 ന് ശേഷം നടന്ന വിവിധ ആലോചനകളുടെ ഭാഗമായി 2006 ലാണ്  റൂം ഫോര്‍ റിവറിന്റെ 
 
പ്രവര്‍ത്തനം ആരംഭിക്കുന്നത്. 2006 ല്‍ തുടങ്ങിയെങ്കിലും 2015 ലാണ് പദ്ധതി പൂര്‍ത്തീകരണത്തിലേക്ക് എത്തിയത്. 10 വര്‍ഷങ്ങള്‍ കൊണ്ട് നടപ്പാക്കിയ പദ്ധതി വഴി വെള്ളപ്പൊക്കത്തിന്റെ ആക്കം കുറയ്ക്കാന്‍ നെതര്‍ലാന്റ്‌സിന് കഴിഞ്ഞു. അതായത്, 1993 ലെ പ്രളയത്തിനുശേഷം 22 വര്‍ഷങ്ങള്‍ കഴിഞ്ഞ് 2015 ലാണ് റൂം ഫോര്‍ റിവര്‍ പദ്ധതി നെതര്‍ലാന്റ്‌സില്‍ യാഥാര്‍ഥ്യമായത്. 
 
വെള്ളത്തിന് ഒഴുകിപ്പോകാനുള്ള സ്ഥലം നല്‍കുക എന്നതാണ് 'റൂം ഫോര്‍ റിവര്‍' എന്ന ആശയം. ഈ പദ്ധതി  കുട്ടനാട് പോലെയുള്ള താഴ്ന്ന പ്രദേശങ്ങളില്‍ ഉപകരിക്കുമെന്ന് മനസിലായതിന്റെ അടിസ്ഥാനത്തിലാണ് അത് ഇവിടെ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചത്. 
 
പമ്പയാറും അച്ചന്‍കോവിലാറും സംഗമിച്ച് കടലിലേക്ക് ഒഴുകുന്ന ഭാഗത്തിന്റെ വീതി വളരെ കുറവാണ് എന്ന വസ്തുത പരിഗണിച്ച് ഈ ഭാഗത്തിന്റെ വീതി 80 മീറ്ററില്‍ നിന്ന്  400 മീറ്ററായി ഉയര്‍ത്തുകയും പമ്പയില്‍ നിന്ന് 75000 ക്യൂബ്ബിക് മീറ്റര്‍ എക്കലും ചെളിയും നീക്കം ചെയ്ത് ആഴം കൂട്ടുകയും ചെയ്തു. ഇതുകാരണം നദീജലത്തിന്റെ ഒഴുക്ക് സുഗമമായി. 
 
ഹരിത കേരളം മിഷന്റെ ഭാഗമായി മലിനമായി കിടന്ന ജല സ്രോതസ്സുകള്‍ ശുദ്ധീകരിച്ചു നീരൊഴുക്ക് സാധ്യമാക്കി. ഒഴുക്കു നിലച്ചു പൂര്‍ണ്ണമായും വറ്റിയ വരട്ടാറിനെ പുനരുജ്ജീവിപ്പിച്ചു.  412 കിലോമീറ്റര്‍ പുഴയാണ് ഹരിത കേരളം മിഷന്റെ ഭാഗമായി ഇപ്രകാരം വീണ്ടെടുത്തത്. 
 
പമ്പ, അച്ചന്‍കോവില്‍, മണിമല എന്നീ നദികളിലെ ജലമാണ് പ്രളയത്തിന്റെ പ്രധാന കാരണം. കടലിലേക്ക് ജലമൊഴുക്കാന്‍ തോട്ടപ്പള്ളി സ്പില്‍വേയില്‍ 360 മീറ്റര്‍ വീതിയില്‍ പൊഴി മുറിച്ച് ആഴം വര്‍ധിപ്പിച്ചത് പ്രളയ തീവ്രത കുറച്ചു. അടുത്ത ഘട്ടത്തിന് വിശദ പദ്ധതി രേഖ തയ്യാറാക്കി വരികയാണ്. കനാലുകളുടെ ആഴവും വീതിയും വര്‍ധിപ്പിച്ച് വെള്ളം സുഗമമായി ഒഴുകുന്നതിന് ശാസ്ത്രീയ പ്രവര്‍ത്തനങ്ങളാണ് ഇനിയുള്ള ഘട്ടങ്ങളില്‍ നടത്തുക. മഴക്കെടുതി തുടര്‍ച്ചയാകുന്ന സാഹചര്യത്തില്‍ ഇനിയുള്ള പ്രവര്‍ത്തനങ്ങളും സുസ്ഥിര പുനര്‍നിര്‍മ്മാണത്തിന്റെ മാതൃകയിലാകും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍