പിഎസിയില്‍ 120 പുതിയ തസ്തിക, ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ്; പ്രധാന മന്ത്രിസഭാതീരുമാനങ്ങള്‍ ഇവയാണ്

വെള്ളി, 21 ഏപ്രില്‍ 2017 (09:34 IST)
പിഎസിയിൽ 120 പുതിയ തസ്തിക ഉൾപ്പെടുത്താൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. സംസ്ഥാനജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കാനും തീരുമാനമായതായി മുഖ്യമന്ത്രി പിണറായി വിജയൻ ഫെസ്ബുക്കിലൂടെ അറിയിച്ചു. 
 
പ്രധാന മന്ത്രിസഭാ തീരുമാനങ്ങള്‍ ഇവയാണ്:
 
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സര്‍ക്കാര്‍ പെന്‍ഷന്‍കാര്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. 
 
പിഎസ്സിയില്‍ വിവിധ വിഭാഗങ്ങളിലായി 120 പുതിയ തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
 
ആലപ്പുഴ ജില്ലയിലെ അരൂരിലും കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലും പുതിയ ഫയര്‍ ആന്‍റ് റെസ്ക്യൂ സ്റ്റേഷനുകളിലേക്ക് 21 വീതം തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
 
ദേവികുളം സബ് കോടതിക്ക് 6 അധിക തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
 
സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കാനുള്ള നിര്‍ദേശം അംഗീകരിച്ചു.
 
സ്റ്റേറ്റ് ഫാമിങ് കോര്‍പറേഷനിലെ ടാപ്പിങ് സൂപ്രവൈസര്‍മാരുടെ ശമ്പളം പരിഷ്കരിക്കാന്‍ തീരുമാനിച്ചു.
 
അഡീഷണല്‍ ചീഫ് സെക്രട്ടറിയായി വിരമിച്ച ഷീല തോമസിനെ ഭരണ പരിഷ്കാര കമീഷന്‍ മെമ്പര്‍ സെക്രട്ടറിയായി നിയമിക്കാന്‍ തീരുമാനിച്ചു. 
 
ആരോഗ്യവകുപ്പിന്‍റെ ചൈല്‍ഡ് ഡവലപ്മെന്‍റ് സെന്‍ററിനെ (തിരുവനന്തപുരം) മികവിന്‍റെ കേന്ദ്രമായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചു. 
 
പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തില്‍ പരിക്കേവര്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ ചികിത്സക്ക് ചെലവായ 104 ലക്ഷം രൂപ (കൊല്ലം-40 ലക്ഷം, തിരുവനന്തപുരം-64 ലക്ഷം) അനുവദിക്കാന്‍ തീരുമാനിച്ചു.
 
കേരളത്തിലെ ഏക ആദിവാസി ഗ്രാമപഞ്ചായത്തായ ഇടമലക്കുടിയുടെ സമഗ്രവികസനത്തിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ മാര്‍ച്ച് 13ന് ചേര്‍ന്ന യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. 
 
ഇടമലക്കുടിയില്‍ പുതിയ ഹെല്‍ത്ത് സെന്‍റര്‍ സ്ഥാപിക്കും. നിലവിലുള്ള എല്‍പി സ്കൂള്‍ യുപി ആയി ഉയര്‍ത്തും. പത്താം ക്ലാസ് പാസായ തദ്ദേശവാസികള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കും. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഹോസ്റ്റല്‍ സൗകര്യം ഏര്‍പ്പെടുത്തും. 
 
സാക്ഷരതാ പ്രസ്ഥാനത്തിന് ജീവിതം സമര്‍പ്പിച്ച കെ വി റാബിയക്ക് ജീവിതോപാധി എന്ന നിലയില്‍ തിരൂരങ്ങാടിയില്‍ കട സ്ഥാപിക്കുന്നതിന് 5 ലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനിച്ചു. 
 
അന്തരിച്ച നാടകാചാര്യന്‍ പി കെ വേണുക്കുട്ടന്‍ നായരുടെ കുടുംബത്തിന് കെഎസ്എഫ്ഇയിലുള്ള വായ്പ തിരിച്ചടയ്ക്കാന്‍ നാല് ലക്ഷം രൂപ സഹായധനം അനുവദിക്കാന്‍ തീരുമാനിച്ചു. 
 
കുണ്ടറ പെരിനാട് പഞ്ചായത്തില്‍ ഏപ്രില്‍ 9ന് ചുഴലിക്കാറ്റുണ്ടായപ്പോള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ മരണപ്പെട്ട വെള്ളിമണ്‍ വെസ്റ്റില്‍ സുനില്‍കുമാറിന്‍റെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ അനുവദിച്ചു.

വെബ്ദുനിയ വായിക്കുക