ഈ വർഷം മുതൽ സ്ക്കൂൾ ഉച്ചഭക്ഷണത്തിൽ അച്ചാറും രസവും വേണ്ട; നിർദേശവുമായി വിദ്യാദ്യാസ‌വകുപ്പ്

തിങ്കള്‍, 20 മെയ് 2019 (08:48 IST)
വിദ്യാർഥികൾക്കുള്ള ഉച്ചഭക്ഷണത്തിൽ പുതിയ അധ്യയനവർഷം മുതൽ അച്ചാറും രസവും ഒഴിവാക്കാൻ നിർദേശം. ഉച്ചഭക്ഷണ പദ്ധതിയിൽ പാലിക്കേണ്ട എട്ട് നിർദേശങ്ങൾ അടങ്ങിയ സർക്കുലറിലാണ് വിദ്യാഭ്യാസ വകുപ്പ് ഇതും അറിയിച്ചിട്ടുള്ളത്.
 
വിപണിയിൽ നിന്നു വാങ്ങുന്ന അച്ചാർ ഒരു കാരണവശാലും കുട്ടികൾക്ക് നൽകരുതെന്ന കർശന നിർദേശമാണ് നൽകിയിരിക്കുന്നത്. കുട്ടികളുടെ ആരോഗ്യത്തിന് ഗുണകരമല്ലെന്ന കാരണത്താലാണ് അച്ചാർ ഒഴിവാക്കാൻ കാരണം. പായ്ക്കറ്റ് അച്ചാറുകളിൽ വ്യാപകമായി രാസവസ്തുക്കളും പൂപ്പലും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 
 
ചോറിനൊപ്പം സാമ്പാർ പോലുള്ള ഒരു കറിക്കൊപ്പം എരിശ്ശേരിയോ മറ്റോ നൽകണമെന്നാണ് സർക്കാർ നിർദേശം. എന്നാൽ ഈ നിർദേശം പാലിക്കാൻ പലരും എളുപ്പത്തിലുണ്ടാക്കാൻ പറ്റുന്നതും ചെലവുകുറഞ്ഞതുമായ രസത്തെ ഉപയോഗപ്പെടുത്തുന്നതാണ് രസം ഒഴിവാക്കുന്നതിന് കാരണമെന്നാണ് സൂചന.
 
സ്കൂൾ തുറക്കുന്ന ദിവസം തന്നെ ഉച്ചഭക്ഷണ പദ്ധതി ആരംഭിക്കണമെന്നും ഉച്ചഭക്ഷണ കമ്മിറ്റി മുൻകൂട്ടി മെനു തയ്യാറാക്കണമെന്നും സർക്കുലറിൽ പറയുന്നു. കുടിവെള്ളമെടുക്കുന്ന കിണറുകളും ടാങ്കുകളും ശുചീകരിക്കുന്നതിനെക്കുറിച്ചും നിർദേശങ്ങൾ പറയുന്നുണ്ട്. കുടിക്കാൻ തിളപ്പിച്ചാറിയ വെള്ളം മാത്രം നൽകണമെന്നും പാചകത്തിന് പാചകവാതം മാത്രവുപയോഗിക്കാവൂ എന്നും നിർദേശമുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍