ഇനി ജയില്‍ വകുപ്പ് ഗുണമേന്മയുള്ള പെട്രോളിനും മാതൃകയാകും; ജയില്‍ വകുപ്പ് ആരംഭിക്കുന്ന ജയില്‍ പെട്രോള്‍ പമ്പ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ സഹായത്തോടെ ജയില്‍ വകുപ്പ് ആരംഭിക്കുന്ന ജയില്‍ പെട്രോള്‍ പമ്പ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം, വിയ്യൂര്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുകളിലും ചീമേനി തുറന്ന ജയിലിലുമാണ് പെട്രോള്‍ പമ്പുകള്‍ ആരംഭിക്കുവാന്‍ തീരുമാനിച്ചിരുന്നത്. അതില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച തിരുവനന്തപുരം, വിയ്യൂര്‍, ചീമേനി എന്നീ ജയിലുകളിലെ ഔട്ട്‌ലറ്റുകളുടെ ഉദ്ഘാടനമാണ് നടന്നത്.
ജയില്‍ വക സ്ഥലത്ത് നാല് പെട്രോള്‍ പമ്പുകള്‍ സ്ഥാപിക്കുന്നതിനായി 9.5 കോടിയോളം രൂപയാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ മുതല്‍മുടക്കുന്നത്. 30 ലക്ഷം രൂപയാണ് ജയില്‍ വകുപ്പിന്റെ വിഹിതം. ചീമേനി തുറന്ന ജയിലില്‍ 2 കോടി രൂപ വകയിരുത്തി നിര്‍മാണം പൂര്‍ത്തിയാക്കിയ പുതിയ ഭരണ വിഭാഗത്തിന്റെ ഉദ്ഘാടനവും തൃക്കരിപ്പൂരില്‍ എംഎല്‍എയുടെ ഫണ്ടുപയോഗിച്ച് നിര്‍മിക്കുന്ന ഡിസ്‌പെന്‍സറിയുടെ ശിലാസ്ഥാപനവും ഇതോടൊപ്പം മുഖ്യമന്ത്രി നിര്‍വഹിച്ചു.