ഭാവിയിൽ കെ കെ ശൈലജ മുഖ്യമന്ത്രിയാകണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു, സിപിഎം യോഗത്തിൽ പി ജയരാജൻ

അഭിറാം മനോഹർ

ഞായര്‍, 23 ജൂണ്‍ 2024 (08:45 IST)
സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷവിമര്‍ശനമുയര്‍ന്ന സിപിഎം സംസ്ഥാനസമിതിയില്‍ അസാധാരണമായ അഭിപ്രായപ്രകടനവുമായി പി ജയരാജന്‍. കെകെ ശൈലജയെ ഭാവിയില്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി കാണുവാനാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് സംസ്ഥാനസമിതിയില്‍ പി ജയരാജന്‍ പറഞ്ഞു.
 
 വടകരയിലെ ജനങ്ങള്‍ക്കും അത്തരമൊരു ആഗ്രഹമുണ്ട്. സംസ്ഥാനരാഷ്ട്രീയത്തില്‍ ശൈലജയെ ഒതുക്കുന്നതിനായാണ് അവരെ ലോകസഭയിലേക്ക് മത്സരിപ്പിച്ചെന്ന തോന്നല്‍ ജനങ്ങള്‍ക്കുണ്ടായി. ശൈലജയെ ഡല്‍ഹിക്ക് അയക്കാതെ സംസ്ഥനത്ത് തന്നെ നിര്‍ത്താനുള്ള വടകരയില്‍ ഉള്ളവരുടെ ആഗ്രഹം തോല്‍വിക്ക് വലിയ ഘടകമായി. പി ജയരാജന്‍ പറഞ്ഞു. അതേസമയം മുഖ്യമന്ത്രിക്ക് പകരം കെ കെ ശൈലജയെ കൊണ്ടുവരണമെന്നുള്ള പരാമര്‍ശമൊന്നും ജയരാജന്‍ നടത്തിയില്ല. ലോകസഭാ തിരെഞ്ഞെടുപ്പ് പരാജയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരം തിരിച്ചടിയായെന്നും പിണറായി വിജയന്റെ സമീപനം ഇതിന് ആക്കം കൂട്ടിയെന്നുമുള്ള വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് പി ജയരാജന്റെ പരാമര്‍ശം.
 
പാര്‍ട്ടിയിലെ ഒരു നേതാവിനെയും ഭാവി മുഖ്യമന്ത്രിയായി അവതരിപ്പിക്കുകയോ അത്തരം അഭിപ്രായം പ്രകടിപ്പിക്കുകയോ ചെയ്യുന്ന രീതി സിപിഎമ്മിലില്ല. ഗൗരിയമ്മ മുതല്‍ വി എസ് അച്ചുതാനന്ദന്റെ പേര് വരെ പലപ്പോഴും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോഴെല്ലാം അത് തള്ളിപ്പറയുന്ന രീതിയാണ് പാര്‍ട്ടി സ്വീകരിച്ചിരുന്നത്. അതിനാല്‍ തന്നെ പി ജയരാജന്റെ നീക്കം അസാധാരണമായാണ് വിലയിരുത്തപ്പെടുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍