പാലായില്‍ എല്‍ഡിഎഫിനൊപ്പം; വിഎസ് മുഖ്യമന്ത്രിയായാല്‍ സിപിഎമ്മിന് പിന്തുണ നല്‍കും- പിസി ജോര്‍ജ് മയപ്പെടുന്നു

Webdunia
ചൊവ്വ, 12 ഏപ്രില്‍ 2016 (14:29 IST)
പൂഞ്ഞാറില്‍ ഇടതുമുന്നണി സീറ്റ് നിഷേധിച്ചതോടെ സിപിഎമ്മിനെ തള്ളിപ്പറഞ്ഞ് സ്വതന്ത്രനായി മത്സരരംഗത്ത് ഇറങ്ങിയ പിസി ജോര്‍ജ് മയപ്പെടുന്നു. പാലായില്‍ തന്റെ പാര്‍ട്ടിയുടെ പിന്തുണ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കാണ്. താന്‍ പൂഞ്ഞാറില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടാല്‍ എല്‍ഡിഎഫിന് പിന്തുണ നല്‍കുമെന്നും ജോര്‍ജ് പറഞ്ഞു.

ഇടതുമുന്നണി അധികാരത്തില്‍ വരുകയും വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുമെന്നും ഉറപ്പുണ്ടായാല്‍ മാത്രമെ എല്‍ഡിഎഫിന് പിന്തുണ നല്‍കുകയുള്ളൂ. വിഷയത്തില്‍ മതിയായ തീരുമാനങ്ങള്‍ ആവശ്യമായ സമയത്ത് സ്വീകരിക്കുമെന്നും ജോര്‍ജ് പറഞ്ഞു.

പൂഞ്ഞാര്‍ മണ്ഡലത്തിന്റെ വികസന നായകന്‍ എന്ന് അവകാശപ്പെടുന്ന പിസി ജോര്‍ജിന്റെ എതിരാളി യുഡിഎഫിന്റെ ജോജുകുട്ടി ആഗസ്തിയാണ്. പിസി ജോസഫാണ് എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥി. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം മീഡിയാ വണ്‍ ചാനലിന്റെ ആഭിമുഖ്യത്തില്‍ ഈരാറ്റുപേട്ടയില്‍ സംഘടിപ്പിച്ച ചര്‍ച്ചക്കിടെ ജോര്‍ജ് ഇടത് വലത് സ്ഥാനാര്‍ഥികളെ ചീത്തവിളിക്കുകയും ചടങ്ങില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്‌തിരുന്നു.