പട്ടാമ്പി മണ്ഡലം പിടിക്കാന്‍ പതിനെട്ടടവും പയറ്റി ഇടതുപക്ഷ സ്‌ഥാനാര്‍ഥി മുഹമ്മദ്‌ മുഹ്‌സിന്‍

ഞായര്‍, 24 ഏപ്രില്‍ 2016 (12:49 IST)
പട്ടാമ്പിയില്‍ 2001 മുതല്‍ സി പി മുഹമ്മദിലൂടെ യു ഡി എഫ്‌  നിലനിര്‍ത്തിവരുന്ന സീറ്റ്‌ തിരിച്ചുപിടിക്കുക അത്ര എളുപ്പമല്ല ഇടതുപക്ഷത്തിന്‌‌. ജനകീയനായ സീനിയര്‍ കോണ്‍ഗ്രസ്‌ നേതാവിനെ തളയ്‌ക്കാന്‍ പതിനെട്ടടവും പയറ്റാനുള്ള ഒരുക്കത്തിലാണ്‌ ഇടതുപാളയം. ഇതിന്റെ ഭാഗമായി ജെ എന്‍ യുവിലെ വിദ്യാര്‍ഥി മുഹമ്മദ്‌ മുഹ്‌സിനാണ്‌ ഇത്തവണ ഇടതു സ്‌ഥാനാര്‍ഥി. 
 
കമ്യൂണിസ്‌റ്റ്‌ ആചാര്യനായ ഇ എം എസിനെ തുടര്‍ച്ചയായി നാലുതവണ നിയമസഭയിലേക്ക്‌ അയച്ച മണ്ഡലമാണ്‌ പട്ടാമ്പി. പട്ടാമ്പി നഗരസഭയും മുതുതല, കൊപ്പം, ഓങ്ങല്ലൂര്‍, തിരുവേഗപ്പുറ, കുലുക്കല്ലൂര്‍, വല്ലപ്പുഴ, വിളയൂര്‍ ഗ്രാമപഞ്ചായത്തുകളും അടങ്ങിയതാണ്‌ പട്ടാമ്പി നിയമസഭാ മണ്ഡലം. കഴിഞ്ഞ രണ്ടു ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും പട്ടാമ്പിയില്‍ എല്‍ ഡി എഫിനായിരുന്നു മുന്‍തൂക്കം. സി പി മുഹമ്മദിന്റെ സാന്നിധ്യം കണക്കിലെടുക്കുമ്പോള്‍ ഇക്കുറിയും മണ്ഡലത്തില്‍ യു ഡി എഫിന്‌ മേല്‍കൈയ്യുണ്ട്. വികസനം തന്നെയാണ്‌ യു ഡി എഫ്‌ ചര്‍ച്ചയാക്കുന്നത്‌. ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷം പട്ടാമ്പി താലൂക്ക്‌ നിലവില്‍ വന്നതും പട്ടാമ്പി നഗരസഭയായതും യു ഡി എഫ് ഉയര്‍ത്തിക്കാട്ടുന്നു. 
 
അതേസമയം നഗരത്തിലെ ഗതാഗതക്കുരുക്കും ഭാരതപ്പുഴയ്‌ക്കു കുറുകേയുള്ള പുതിയപാലത്തിന്റെ പണി തുടങ്ങാനാകാത്തതുമെല്ലാം മറുപക്ഷവും ഉന്നയിക്കുന്നു.ചില ന്യൂനപക്ഷ സംഘടനകളുമായി ആദ്യഘട്ടത്തില്‍ നടന്ന ചര്‍ച്ചകളുടെ അടിസ്‌ഥാനത്തിലാണ്‌ മുഹ്‌സിന്റെ സ്‌ഥാനാര്‍ഥിത്വമെന്ന്‌ അഭ്യൂഹമുണ്ട്‌. ജില്ലയിലെ മറ്റു മണ്ഡലങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ബി ജെ പിക്ക്‌ എടുത്തുപറയത്തക്ക സ്വാധീനം പട്ടാമ്പിയിലില്ല. ന്യൂനപക്ഷ വോട്ടുകളാണ്‌ ആരു നിയമസഭയിലെത്തണമെന്ന കാര്യം നിര്‍ണയിക്കുക.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക