പാറ്റൂര്‍ ഫ്ലാറ്റ് ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ഡി ജി പി ജേക്കബ് തോമസ്. ഒരു സ്വകാര്യ വാര്‍ത്താ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ജേക്കബ് തോമസ് ഇക്കാര്യം പറഞ്ഞത്. ഭൂമി കൈയേറ്റവും ഭരണ നിര്‍വഹണ സംവിധാനത്തിലെ വീഴ്ചയും ഇതില്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാറ്റൂരിലെ ഭൂമി പൊതുജനങ്ങളുടേതാണെന്നും അത് തിരിച്ച് പിടിക്കേണ്ടതുണ്ടെന്നും ജേക്കബ് തോമസ് പറഞ്ഞു. കോടതിയുടെ പരിഗണനയിലായതിനാല്‍ മന്ത്രിമാര്‍ക്ക് പങ്കുണ്ടോ ഇല്ലയോ എന്നത് സംബന്ധിച്ച് ഒന്നും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ബാര്‍കോഴക്കേസിന്റെ ഒരു ഘട്ടത്തിലും തനിക്ക് പങ്കുണ്ടായിരുന്നില്ല എന്നത് ജേക്കബ് തോമസ് നിഷേധിച്ചു. താന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ആയിരുന്നില്ല. സാധാരണ സി ഐ, ഡി വൈ എസ് പി റാങ്ക് വരെയുള്ളവരായിരിക്കും അന്വേഷണ ഉദ്യോഗസ്ഥര്‍. എന്നാല്‍ മേല്‍നോട്ടം ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ആണെന്നും വിജിലന്‍സ് ഹെഡ്ക്വാര്‍ട്ടേഴ്‌സിന്റെ ഭാഗമായിരുന്നു താനെന്നും ജേക്കബ് തോമസ് വ്യക്തമാക്കി.
ഫ്ലാളാറ്റുകളില്‍ താമസിക്കുന്നവരുടെ സുരക്ഷയ്ക്കാണ് ഫയര്‍ഫോഴ്‌സ് മേധാവിയായിരുന്നപ്പോള്‍ മുന്‍ഗണന നല്‍കിയത്. മുഖ്യമന്ത്രിയടക്കം ആരുമായും ശത്രുത ഇല്ല. മുഖ്യമന്ത്രി തന്നെ സംരക്ഷിക്കുന്നുണ്ടെന്നും സിവില്‍ സപ്ലൈസ് വകുപ്പിലിരുന്ന സമയത്ത് അഴിമതിക്കെതിരെ ശക്തമായ നടപടികള്‍ എടുത്തപ്പോള്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയാണ് വലിയ പിന്തുണ നല്‍കിയതെന്നും ജേക്കബ് തോമസ് പറഞ്ഞു.